കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്.
അടുത്ത ഏതാനും ആഴ്‌ചകളിൽ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുവാൻ വിസമ്മതിക്കുന്ന ക്യൂബെക്കിലെ എല്ലാ മുതിർന്നവർക്കും നികുതി രൂപത്തിലുള്ള പിഴ ബാധകമാകുമെന്ന് പ്രീമിയർ അറിയിച്ചു. മെഡിക്കൽ കാരണങ്ങൾ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർക്ക് നികുതി നൽകേണ്ടതില്ല. കൃത്യമായ ടാക്സ് തുക ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും നടപടി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രവിശ്യ ധനകാര്യ മന്ത്രിയുമായും നിയമ ഉപദേഷ്ടാക്കളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രീമിയർ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം ക്യൂബെക്കിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനാലാണ് പുതിയ നടപടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പേരെ ആശുപത്രിയിൽ പ്രവേശിപ്പിതുൾപ്പെടെ, 2,742 പേരാണ് ഇപ്പോൾ കോവിഡ് ബാധിതരായി ചികിത്സയിൽ ഉള്ളത്. ഇന്നലെ കോവിഡ് മൂലമുള്ള 62 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
മോൺട്രിയൽ ആശുപത്രികളിൽ ഹൃദയ, കാൻസർ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ മാറ്റിവെച്ചിരിക്കുകയാണ്.എമർജൻസി റൂമുകൾ നിറയുന്നതിനാൽ രോഗികളെ ലോങ്ങ് കെയർ ഹോമുകളിലേക്ക് മാറ്റുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ആവശ്യമായ ആരോഗ്യ പ്രവർത്തകരെ കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പ്രീമിയർ അറിയിച്ചു. വരും ആഴ്‌ചകളിൽ ആശുപത്രികൾക്കായി 1,000 അധിക ജീവനക്കാരെയും 1,500 പേരെ സിഎച്ച്‌എസ്‌എൽഡികലേക്കും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നതെന്ന് പ്രീമിയർ അറിയിച്ചു.