Story Written By, Abraham George, Chicago.
മാത്യുകോരയുടെ സന്തതി മത്തായികുഞ്ഞ് എന്തിനും പോന്നവനയായിരുന്നു. ഏഴഴകുള്ളവനായിരുന്നു. മാമ്പുള്ളി ചുണങ്ങ് ഉള്ളവനായിരുന്നു. തനി തെമ്മാടിയായിരുന്നു. പോക്രിയായിരുന്നു, പരമ ചെറ്റയായിരുന്നു. ഇത്രയ്ക്ക് ഭൂഷണമുണ്ടായിട്ടും ഒരു പെണ്ണിൻ്റെ മുമ്പിൽ അയാളുടെ മനസ്സ് അടിയറ വെച്ചു, "തങ്കം ". നാട്ടിൽ അറിയപ്പെടുന്ന തേവടിശ്ശി മാധവിയുടെ മകൾ തങ്കമണി. വടിവൊത്ത ശരീരം, ചടുതല സംസാരം, നിലാവിൻ്റെ കാന്തി, മാൻ കണ്ണ്, പിന്നെ ഭൂഷണമായി കിട്ടിയ കുടുംബ മഹിമയും. പേരെ, ഇതിൽ കൂടുതലെന്തു വേണം ഒരാണിനെ മയക്കാൻ.
മത്തായി കുഞ്ഞിൻ്റെ മനസ്സിൽ അവൾ പതിഞ്ഞു പോയി. അല്ലാ, അവനെയവൾ മയക്കിയെടുത്തുയെന്ന് പറയുന്നുതായിരിക്കും സത്യം. ആ തവണത്തെ തുലാമഴയിൽ ഇടിമിന്നലേറ്റ് കത്തി കരിഞ്ഞത് മാത്യുകോരയുടെ അഞ്ചു കുലച്ചു നിന്ന തെങ്ങുകളാണ്. അതിലായിരുന്നില്ലാ മാത്യുകോര മുതലാളിക്കുണ്ടായ മതിഭ്രമം. മകൻ്റെ പ്രണയകഥ കേട്ട് അയാൾ ഞെട്ടി. അയാളുടെ പടയോട്ടക്കാലത്ത് ഭാര്യയറിയാതെ കാട്ടിൽ, കൂടേ പാർപ്പിച്ചതാണ് തേവടിച്ചി മാധവിയെ.
മാത്യുകോര, റെയിഞ്ചർക്കും ദാനം ചെയ്ത വസ്തുവാണവൾ. അന്ന് റെയിഞ്ചർക്കുണ്ടായ സന്തോഷത്തിൽ അഞ്ച് ഏക്കർ കാട് വെട്ടിയെടുക്കാനുള്ള അനുവാദമാണ് മാത്യുകോരക്ക് കിട്ടിയത്. മാധവിയെന്ന സുന്ദരവസ്തുവിനെ പ്രദർശിപ്പിച്ച് ഒരു കശുവണ്ടി തോട്ടം തന്നെ ഉണ്ടാക്കി. തോട്ടമാക്കി എടുക്കണമെന്ന് ഗുണദോഷിച്ചു തന്നതും റെയിഞ്ചർ. പറമ്പായി നിലനിർത്തണതിന് ഒരാൾക്ക് നാലേക്കർ കൂടുതൽ അനുവദിക്കില്ലായെന്നും അയാൾ പറഞ്ഞു. അയാളുടെ ഒത്താശയോടെയാണ് നാലേക്കർ വെച്ച് അയാളുടെ പേരിലും ഭാര്യയുടെ പേരിലും പട്ടയം സംഘടിപ്പിച്ചത്. എന്തെല്ലാം തിരുമറികൾ അയാൾ നടത്തി തന്നു. പിന്നെയേക്കർ കണക്കിന് തോട്ടങ്ങൾ സംഘടിപ്പിച്ചു. എല്ലാം ആ നല്ല മനുഷ്യനായ കാമഭ്രാന്തൻ്റെ കുബുദ്ധിയിൽ തെളിഞ്ഞത്. മദ്യത്തിനും, മദിരാശിക്കും അടിമപ്പെട്ട നിഷ്ക്രീയ ജീവി. സ്വന്തം കുടുംബം പോലും തിരസ്ക്കരിച്ച് കാട്ടിൽ വിളയാടിയ ഓഫീസർ. അയാളുടെ വീക്കനസ് മനസ്സിലാക്കി ശരിക്കും ഉപയോഗിച്ചത് മാത്യു കോര മാത്രം. മാത്യു കോരക്ക് അതിനു പറ്റിയ ശിങ്കടികളും ഉണ്ടായിരുന്നു. റെയിഞ്ചർക്ക് വേണ്ടി മാധവി ത്യാഗം സഹിച്ച്, നടുവ് ഒടിച്ച് സുഖിപ്പിച്ചെങ്കിലും മാധവിക്ക് നഷ്ടമൊന്നും സംഭവിച്ചില്ല. അവൾക്കും കിട്ടി ഏക്കർ കണക്കിന് ഭൂമി. കാട്ടിലേ തടി തേവരുടെ ആന, ആർക്കാ ചേതം. അതായിരുന്ന റെയിഞ്ചറുടെ പോളസി. അങ്ങനെ കിട്ടിയ ഭൂമിയിൽ മാധവിയും കെട്ടിയോൻ വാസുവും ചേർന്ന് പൊന്ന് വിളയിപ്പിച്ചു. ഇപ്പോൾ അവൾ തേവിടിശ്ശി മാധവിയല്ലാ, നാട്ടിലറിയപ്പെടുന്ന മുതലാളിച്ചി. പണം പലിശക്ക് കൊടുക്കണ നാട്ടിലുള്ള ഏക പ്രൈവറ്റ് ബാങ്ക്. അവളോട് തൊട്ടു കളിച്ചാലിപ്പോൾ പൊള്ളും. പണ്ട് തൻ്റെ കൂടേ കിടന്ന് പുളഞ്ഞവിത്താണ് ഇന്ന് തലയുയർത്തി തൻ്റെ നേരെ വാളോങ്ങി നിൽക്കുന്നത്,
മാത്യു കോര ഓർത്തു. ഇപ്പോളെൻ്റെ മകനെ കുടുക്കാനുള്ള ചരടുവലി നടത്തിയിരിക്കുന്നു, വിട്ടുകൊടുക്കില്ല, കൊന്ന് കുഴിച്ച് മൂടും. അവൾക്കറിയില്ലല്ലോ റെയിഞ്ചറെ ഒതുക്കിയതെങ്ങനെയാണന്ന്. റെയിഞ്ചറെ കൊണ്ട് ശല്യമായപ്പോൾ ഇവിടെ നിന്ന് സ്ഥലം മാറ്റാൻ ലക്ഷങ്ങൾ മുടക്കിയത് ഞാനാണ്. തന്ന കൈക്കാണ് കൊത്തിയത് എന്നറിയാഞ്ഞിട്ടല്ലാ, നിവർത്തികേട് കൊണ്ട് അതും ചെയ്യേണ്ടി വന്നു. തൻ്റെ കുടുംബത്തിൽ കേറി കളിച്ചപ്പോൾ കൊത്തിയരിയേണ്ടതായിരുന്നു. അന്ന് ഞാനത് ചെയ്തിരുന്നെങ്കിൽ കൂട്ടുപ്രതിയായി മാധവിയിന്ന് ജയിലിൽ കഴിയേണ്ടിവന്നേനേ. എങ്ങനെയെന്നല്ലേ, അവളെയാണ് അയാളെ സൂത്രത്തിൽ കൊല്ലാൻ എർപ്പാടാക്കിയത്. അത് അപകടം വിളിച്ചുവരുത്തുമെന്ന് കണ്ടപ്പോൾ പെട്ടന്ന് വേണ്ടായെന്ന് വെച്ചു. അയാളെ കൊന്നാൽ, നേട്ടത്തിലേറേ ദോഷം ഉണ്ടാകുമെന്ന് അറിഞ്ഞു. പെട്ടന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് കൊച്ചരിക്കൽ മാധവിയെന്ന തേവിടിശ്ശി മാധവി, തൻ്റെ നേരെ തിരിഞ്ഞിരിക്കുന്നു. തൻ്റെ മകനെ വെച്ച് വിലപേശുന്നു. അവൾക്കു പോലും നിശ്ചയമുണ്ടാവില്ലാ, തങ്കമണിയെന്ന അവളുടെ മകൾ ആരുടേതാണന്ന്. അവൾ അറിഞ്ഞു കൊണ്ടുതന്നെ എന്നോട് മത്സരിക്കുന്നു. അവളുടെ നാശത്തിനാണന്ന് അവളറിയുന്നില്ല. അയാൾ ലക്ഷ്യമില്ലാതെ വഴിയിലൂടെ നടന്നു. കാടും മേടും അയാൾക്ക് പ്രശ്നമായിരുന്നില്ല. മഴയും വെയിലും കാറ്റും അയാൾ കാര്യമാക്കിയില്ല. അവസാനം ചെന്നെത്തിയത് മാധവിയുടെ തിരുമുറ്റത്ത്. അയാൾ അവിടെ നിന്നലറി
"എടീ കൂത്തിച്ചി, ഇങ്ങോട്ട് ഇറങ്ങി വാടീ. എൻ്റെ മകനെയല്ലാതെ മകൾക്ക് സംബന്ധം വെക്കാൻ വേറെ ആരേം കിട്ടിയില്ലടി. നിന്നെ ഞാൻ വെച്ചുപൊറുപ്പിക്കില്ലാ. നിൻ്റെ അഭ്യാസങ്ങൾ എൻ്റെ അടുത്തെടുക്കരുത്. നിൻ്റെ കെട്ടിയോൻ പെൺകോന്തനേ ഇങ്ങോട്ട് വിളിക്കടി, കുറച്ച് പറയാനുണ്ട്."
വെട്ടുകത്തി ഉയർത്തിപ്പിടിച്ച് മാധവി പുറത്തേക്ക് വന്നു "എൻ്റെ വീട്ടുമുറ്റത്ത് നിന്ന് താൻ അലറിയാൽ കൊന്നുകളയും, ഓർത്തോ, താൻ പണ്ട് തട്ടിക്കളിച്ച മാധവിയല്ലായെന്ന് ഓർത്താൽ നന്ന്."
"എന്നാൽ കൊല്ലടി", മാത്യു കോര അലറി. "എൻ്റെ മകനെയല്ലാതെ വേറെയാരേയും മകൾക്ക് വേണ്ടി കിട്ടിയില്ലാ അല്ലേ? അവളുടെ തന്ത ആരാണന്ന് നിനക്ക് നിശ്ചയമുണ്ടോടി പരട്ടേ."
മാധവി അലറി " എന്തായാലും തൻ്റെ മകളല്ലാ. ഉണ്ടായേനേ, ഉണ്ടാക്കിയില്ലാ. തന്നെപ്പോലത്തെ പെരട്ടയുടെ മക്കളെ പ്രസവിക്കുന്നതിലും നല്ലത് വിഷം കഴിച്ച് മരിക്കുന്നതാണ്."
ആകാശത്ത് പെരുമ്പറ കൊട്ടി. കൊള്ളിയാൻ മിന്നി. മഴ തിമർത്തു. ആ മഴയിൽ അയാളുടെ ഉള്ളം കലങ്ങി കണ്ണുനീരായി ഒഴുകിയത് ആരും അറിഞ്ഞില്ല.