ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ഫെബ്രുവരിയില്‍

By: 600021 On: Jan 8, 2022, 6:45 PM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങും. ട്രൂത്ത് സോഷ്യല്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെത്തും. ട്രംപിന്റെ മാധ്യമവിഭാഗമായ ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ്(ടിഎംടിജി) ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്. മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗമായ ഡെവിന്‍ ന്യൂണ്‍സ് ആണ് ടിഎംടിജിക്ക് നേതൃത്വം നല്‍കുന്നത്. 

രൂപകല്‍പനയില്‍ ട്വിറ്ററിന്റെ തനിപ്പകര്‍പ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് ആപ്പ് സ്‌റ്റോറിലെ സ്‌ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ആപ്പില്‍ റീട്വീറ്റ്, റിപ്ലെ, ഷെയറിങ്, സേവിങ് ഓപ്ഷനുകളുമുണ്ട്. സത്യം പിന്തുടരുക(follow thet ruth) എന്നാണ് ആപ്പിന് ടാഗ്‌ലൈനായി ചേര്‍ത്തിരിക്കുന്നത്. 

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറകെ യുഎസ് കാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നാലെ ട്രംപിനെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് അനുയായികളുമായുള്ള ആശയവിനിമയത്തിനായി സ്വന്തം ബ്ലോഗ് ആരംഭിച്ചിരുന്നു. ബ്ലോഗില്‍ നിരന്തരം സന്ദേശങ്ങളുമായി തുടക്കത്തില്‍ ട്രംപ് സജീവമായിരുന്നെങ്കിലും ഇതിന് കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല. ഇതോടെ ബ്ലോഗ് പൂട്ടി. അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്ററിനെതിരെ ട്രംപ് നിയമനടപടി സ്വീകരിച്ചിരുന്നു. 


content highlights: trump to launch truth social app in february