കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും

By: 600021 On: Jan 8, 2022, 6:24 PM

 

ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും ഗ്രാമവണ്ടികള്‍ അനുവദിക്കുക. ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ജീവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റപണിയും കെഎസ്ആര്‍ടിസി വഹിക്കും. ഗ്രാമവണ്ടികള്‍ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗ്രാമവണ്ടിക്ക് സമാനമായ ബസ് സര്‍വീസാണ് കൊച്ചി കളശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ആരംഭിച്ചത്. 10 രൂപയാണ് എച്ച്എംടി ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് ചാര്‍ജ്. മെഡിക്കല്‍ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സര്‍വീസിനായി സ്‌പോണ്‍സര്‍ ചെയ്തു. ഇതിലൂടെ 10,000 പേര്‍ക്ക് സൗജന്യ യാത്ര നല്‍കും. ഇത് വേണ്ടാത്തവര്‍ക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം. 

content highlights: ksrtc village travel service soon