ഒമിക്രോൺ; ബീസിയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു

By: 600007 On: Jan 8, 2022, 1:23 AM

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ബീസിയിൽ വീണ്ടും ഉയരുന്നു. 
റിപ്പോർട്ടുകൾ പ്രകാരം 324 പേർ കോവിഡ് ബാധിതരായി ആശുപത്രി ചികിത്സയിൽ ഉള്ളത്. ഇതിൽ 90 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം മൂലം 3,223 പുതിയ പോസിറ്റീവ് കേസുകളാണ് പിസിആർ ടെസ്റ്റുകൾ വഴി വ്യാഴാഴ്ച് റിപ്പോർട്ട് ചെയ്തത്. റാപിഡ് ആന്റിജൻ ടെസ്റ്റ് വഴിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ടിൽ ഉൾപ്പെടാത്തതിനാൽ, യഥാർത്ഥ കേസുകളുടെ എണ്ണം അഞ്ചിരട്ടി കൂടുതലായിരിക്കാമെന്ന് കണക്കാക്കപ്പെടുന്നത്.  ബിസിയിൽ നിലവിൽ 31,817 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആക്റ്റീവ് കോവിഡ് കേസുകളാണുള്ളത്.

നിലവിൽ,65 വയസ്സിന് മുകളിലുള്ളവർക്കും കോവിഡിന്റെ സങ്കീർണതകൾ മൂലം കൂടുതൽ അപകടസാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമാണ് പിസിആർ ടെസ്റ്റ് പരിശോധനയ്ക്ക് പ്രവിശ്യ മുൻഗണന നൽകുന്നത്. 65 വയസ്സിൽ താഴെ രോഗ ലക്ഷണമുള്ളവർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളാണ് നൽകുന്നത്. ഇൻഡിപെൻഡന്റ് ബി.സി. കോവിഡ് മോഡലിംഗ് ഗ്രൂപ്പ് വ്യാഴാഴ്ച പുറത്തുവിട്ട അപ്ഡേറ്റിൽ റാപ്പിഡ് ടെസ്റ്റ് നടത്തി കോവിഡ് പോസിറ്റീവ് ആകുന്നവരോട് ബി.സി. സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ വിവരം അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകളിൽ ബാധിക്കുന്നതാണ് ഒമിക്രോൺ വ്യാപനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ബീ.സി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഡിസംബർ 29 നും ജനുവരി 4 നും ഇടയിൽ രേഖപ്പെടുത്തിയ പുതിയ കോവിഡ് കേസുകളിൽ 83.5 ശതമാനവും പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളിലാണ്. ഡിസംബർ 22 മുതൽ ജനുവരി 4 വരെയുള്ള രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 58.9 ശതമാനവും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണെന്നാണ് റിപ്പോർട്ടുകൾ.