ഒമിക്രോണ്‍ നിസാരമല്ലെന്ന് ഡബ്യു എച്ച് ഒ മേധാവി  

By: 600002 On: Jan 7, 2022, 3:39 PM

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ആളുകളുടെ മരണത്തിന് കാരണമാകുകയാണെന്നും ഇത് നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം പല രാജ്യങ്ങളിലും മുമ്പ് പിടിമുറുക്കിയിരുന്ന ഡെല്‍റ്റ വേരിയന്റിനെ മറികടന്ന് മുന്നേറുകയാണെന്ന് ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 

ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന് തോന്നുമെങ്കിലും അതിനെ നിസാരമായി കണക്കാക്കണമെന്ന് അര്‍ത്ഥമില്ലെന്ന് ടെഡ്രോസ് പറഞ്ഞു. മുന്‍ വകഭേദങ്ങള്‍ പോലെ ഒമിക്രോണ്‍ ബാധിച്ച് ആളുകള്‍ ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിതരുടെ സുനാമി വളരെ വലുതും വേഗത്തിലുമാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്നത് എന്നതാണ് വാസ്തവമെന്ന് പറഞ്ഞ ടെഡ്രോസ് 2022 പകുതിയോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Content highlight: Omicron is hospitalising and killing people says who chief