ഒമിക്രോണ്‍ വെറും ജലദോഷമല്ല, നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

By: 600002 On: Jan 6, 2022, 3:13 PM

ഒമിക്രോണ്‍ വെറും ജലദോഷമല്ലെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യ സംഘടന. ഒമിക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയത്. 'ഒമിക്രോണ്‍ ജലദോഷമല്ല,' ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് ഡോ മരിയ വാന്‍ കെര്‍ഖോവ് ട്വീറ്റ് ചെയ്തു. ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ടെങ്കിലും ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരും ജീവന്‍ നഷ്ടപ്പെടുന്നവരും ഏറെയാണെന്നും അവര്‍ കുറിച്ചു. ഒമിക്രോണ്‍ ജലദോഷമല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥനും ട്വീറ്റ് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കും നിരീക്ഷണത്തിനുമെല്ലാം സംവിധാനങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ ഓര്‍മ്മിപ്പിച്ചു. 

ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമിക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് വിശപ്പില്ലായ്മ, ഓക്കാനം എന്നിവയെയും ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. ഉയര്‍ന്ന തോതില്‍ പകരുന്ന വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ തീവ്രത കുറഞ്ഞതാണെന്നും ആശുപത്രിവാസം പോലുള്ള ഘട്ടത്തിലേക്ക് കടക്കില്ലെന്നുമാണ് ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള പല പഠനങ്ങളും വ്യക്തമാക്കുന്നത്.

Content Highlights: Omicron is not common cold warned WHO