നയാഗ്രയിലെ ഹെല്‍ത്ത് സെന്റര്‍ അടച്ചുപൂട്ടാനൊരുങ്ങി ഒന്റാരിയോയിലെ ആശുപത്രി

By: 600007 On: Jan 6, 2022, 7:02 AM

 നയാഗ്രയിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ നയാഗ്ര ഹെല്‍ത്ത് തങ്ങളുടെ ഒരു ഹെല്‍ത്ത് സെന്റര്‍ അടയ്ക്കുന്നു. ഫോര്‍ട്ട് എറിയിലെ അര്‍ജന്റ് കെയര്‍ സെന്ററാണ് അടയ്ക്കുന്നത്. ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍  ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അത്യാഹിത വിഭാഗങ്ങളിലേക്ക് പുനര്‍വിന്യസിക്കുന്നതിന് വേണ്ടി കൂടിയാണ് നടപടി. 

നയാഗ്ര ഹെല്‍ത്ത് ഫോര്‍ട്ട് എറി പ്രദേശത്ത് താമസിക്കുന്നവര്‍ അവരുടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാനോ ഒന്റാരിയോയോയിലെ പോര്‍ട്ട് കോള്‍ബോണിലുള്ള അര്‍ജന്റ് കെയര്‍ സെന്ററിലോ, തങ്ങളുടെ അടുത്തുള്ള  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പോകാനോ അധികൃതര്‍ നിര്‍ദേശം നല്‍കി. 

354 ജീവനക്കാര്‍ നിലവില്‍ സെല്‍ഫ് ഐസൊലേഷനിലാണെന്ന് നയാഗ്ര ആരോഗ്യവിഭാഗം അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.