സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ജോ ബൈഡന്‍ 

By: 600002 On: Jan 5, 2022, 6:21 PM
യുഎസില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ജൊ ബൈഡന്‍. പല സ്‌കൂളുകളും  വെര്‍ച്വല്‍ പഠനത്തിലേക്കു മടങ്ങുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം. 

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും, കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുക സ്കൂളുകളിലാണെന്നും ബൈഡന്‍ പറഞ്ഞു. അക്കാരണത്താലാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ റിലീഫ് ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃരും പ്രാദേശിക ഭരണകൂടവും അടിയന്തിരമായി കൈക്കൊള്ളണമെന്ന് ബൈഡന്‍ നിര്‍ദേശിച്ചു.  130 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ റസ്‌ക്യു പ്ലാനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും വിതരണം ചെയ്തിരിക്കുന്നത്.