ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

By: 600021 On: Jan 4, 2022, 5:40 PM

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക്  രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നിലവില്‍ വാക്‌സിന്‍ സ്‌റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍  ആരോഗ്യവകുപ്പ് പുറത്തിറക്കും.

Content Highlights: more restrictions in kerala as omicrone cases risse