കോവിഡ് കുതിച്ചുയരുന്നു; ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ; മുംബൈ ലോക്ഡൗണിലേക്ക്

By: 600021 On: Jan 4, 2022, 5:32 PM

മുംബൈ: മഹാരാഷ്ട്രയിലും ബംഗാളിലും കോവിഡ് കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. ഇന്ന് മാത്രം 20 പേര്‍ മരിച്ചു. അതേസമയം സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 653 ആയി. 259 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ കോവിഡ്, ഒമിക്രോണ്‍ രോഗികളുള്ളത്. പശ്ചിമബംഗാളില്‍ 9,073 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,768 പേര്‍ രോഗമുക്തി നേടി. 16 പേര്‍ മരിച്ചു. 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ഇരു നഗരങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു. ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലികമാണ്. 40 പുതിയ ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 408 ആയി. 

Content Highlights: Content Highlights: Delhi, Weekend Curfew, Lockdown likely in Mumbai