യുഎസില്‍ കോവിഡ് അതിതീവ്ര വ്യാപനം; രോഗം സ്ഥിരീകരിച്ചത് പത്തു ലക്ഷം പേര്‍ക്ക്

By: 600002 On: Jan 4, 2022, 5:25 PM

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന അമേരിക്കയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് പത്തു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് അനുസരിച്ച് 10,80,211 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നാലു ദിവസം മുമ്പ് യുഎസില്‍ ഒരു ദിവസം 5,90,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഇരട്ടിയോളമാണ് ഇന്നലെ സ്ഥിരീകരിച്ചത്. 

ഡെല്‍റ്റ വകഭേദം വ്യാപകമായി പടര്‍ന്നുപിടിച്ച സമയത്ത് കഴിഞ്ഞ മെയ് ഏഴിന് 4,14,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കേസുകള്‍ വന്‍തോതില്‍ കൂടിയെങ്കിലും അതിന് അനുസരിച്ച് ഹോസ്പിറ്റലൈസേഷന്‍ കൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ മരണങ്ങളും ഉണ്ടാവുന്നില്ല. അമേരിക്കക്കാര്‍ വ്യാപകമായി ടെസ്റ്റ് ചെയ്യുകയും പോസിറ്റിവ് ആണെന്നു കണ്ടെത്തുന്നവര്‍ വീടുകള്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ആളുകള്‍ കൂടുതലായി ഐസൊലേഷനിലേക്കു പോയതോടെ വിമാനങ്ങള്‍ റദ്ദാക്കുന്നതും ഓഫിസുകള്‍ അടഞ്ഞുകിടക്കുന്നതും പതിവായിട്ടുണ്ട്. പലയിടത്തും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. 


Content Highlights: usa reports over 1 million covid cases on a single day