ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം ഐഎച്ച്‌യു 

By: 600002 On: Jan 4, 2022, 5:17 PM

ലോകത്ത് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയ വകഭേദത്തിന് ഐഎച്ച്‌യു (ബി.1.640.2 വകഭേദം) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ ഐഎച്ച്‌യു മെഡിറ്റേറാന്‍ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. 

ഫ്രാന്‍സിലെ മാര്‍സോയില്‍ പുതിയ വകഭേദം 12 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ വിശദപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 

ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചുള്ളതാണ് ഐഎച്ച്‌യു എന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെത്തിയ പുതിയ വകഭേദം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വ്യാപനശേഷി, രോഗതീവ്രത എന്നിവയെക്കുറിച്ചും ശാസ്ത്രീയ വിശദീകരണങ്ങള്‍ ലഭ്യമായിട്ടില്ല. 

Content highlight: France detects new Covid variant IHU