ആദ്യദിനം കേരളത്തില്‍ വാക്‌സിന്‍ എടുത്തത് 38,417 കുട്ടികള്‍; രാജ്യത്ത് 40 ലക്ഷം പേര്‍

By: 600021 On: Jan 3, 2022, 6:32 PM

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികള്‍ക്ക് കോവാക്‌സിനാണു നല്‍കുന്നത്. 9338 ഡോസ് വാക്‌സീന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. 551 കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് 40 ലക്ഷത്തില്‍ അധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയില്‍ 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ വിതരണം തിങ്കളാഴ്ചയാണു ആരംഭിച്ചത്.  ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള 3-ാം ഡോസ് വാക്‌സീന്‍ ജനുവരി 10 മുതല്‍ വിതരണം ചെയ്തു തുടങ്ങും.

Content highlight: Vaccination 15-18 age group kerala updates