കോവിഡ് : പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

By: 600002 On: Jan 3, 2022, 6:00 PM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞ സ്ഥലങ്ങളിലെ ഒത്തു ചേരലുകള്‍ക്കും പൊതു പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ജനുവരി 9 മുതല്‍ ഫെബ്രുവരി 28 വരെ ആണ് നിയന്ത്രണം. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

നിലവില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആണ് യാത്രാ മാനദണ്ഡം. ഇതാണ് 72 മണിക്കൂര്‍ ആക്കി ഉയര്‍ത്തിയത്. കോവിഡ് പ്രതിരോധത്തിനു മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 982 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകള്‍ 4773 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content highlight: Omicron kuwait bans public events