2022-വർഷത്തിൽ പുതിയ പദ്ധതികളുമായി അല

By: 600061 On: Jan 2, 2022, 12:48 AM

 

       അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല ഈ പുതുവർഷത്തിൽ മൂന്നു പുതിയ പരിപാടികൾക്ക് തുടക്കമിടുന്നു.  അല പോഡ്കാസ്റ്റ് , അല ആർട് വർക്ക്ഷോപ്പ് , അല കരിയർ മെന്ററിംഗ് എന്നീ പരിപാടികൾ ജനുവരിയിൽ തുടങ്ങും. 
പുതിയ ദേശീയ നിർവാഹക സമിതി ചുമതയലേറ്റ ശേഷമുള്ള ആദ്യ ഉദ്യമം കൂടിയാണിത്. ഈ പ്രവർത്തന വർഷത്തെ ആദ്യ പദ്ധതികളിൽ ഒന്നായ അല പോഡ്കാസ്റ്റ് ജനുവരി ആദ്യ വാരം പ്രവർത്തനം ആരംഭിക്കും എന്ന് പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു .  ഇനി കേൾവിയുടെ കാലം ആണ്.  ഒരിടത്തിരുന്ന് പരിപാടികൾ കാണാനോ വായിക്കാനോ  സമയം  ഇല്ലാത്തവർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാനും,  സിനിമാ റിവ്യൂ , അഭിമുഖങ്ങള്‍ തുടങ്ങിയവ ആസ്വദിക്കാനും അലയുടെ പോഡ്കാസ്റ്റിലൂടെ സാധിക്കുമെന്ന് ഷിജി പ്രതീക്ഷ പ്രകടിപ്പിച്ചു. അല അക്കാദമിയുടെ കീഴിൽ "ആർട്ട് എക്സ്പ്ലോറേഷൻ വിത്ത് അല" എന്ന പേരിൽ ത്രിദിന ആർട്ട് വർക്ക്ഷോപ്പ് ജനുവരി 15 , 22,  29 തീയതികളിൽ നടത്തും . ചിത്രകലാരംഗത്തെ പ്രമുഖരായ മോപ്പസാങ് വാലത്ത് , ആലീസ് മഹാമുദ്ര , സജ്ജീവ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് സെഷനുകളാണ് നടക്കുക.  ഇതിന്റെ കൂടുതൽ വിവരങ്ങൾ അല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അല സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന കരിയർ മെന്ററിങ് പരിപാടി ജനുവരി പകുതിയോടെ ആരംഭിക്കും. പട്ടിക വർഗ വിഭാഗത്ത് നിന്ന്  ഉന്നത വിദ്യാഭ്യാസം  നേടാൻ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്  പ്രതിമാസം 1500 രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന പദ്ധതി അലയുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 മാസമായി നടത്തിവരുന്നു . ഇതോടൊപ്പം ഈ വിദ്യാർഥികളുടെ തൊഴിൽ വികസനത്തിന്  സഹായകരമാകുന്ന വിർച്വൽ വൺ - ടു - വൺ മെന്ററിംഗ് ആണ് ഇപ്പോൾ നടത്താൻ ലക്ഷ്യമിടുന്നത് . അല അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധരുടെ രണ്ട് ടീമുകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.  നാല്പതോളം കുട്ടികൾ ആണ് തുടക്കത്തിൽ പരിപാടിയുടെ ഭാഗമാവുക .  അമേരിക്കയിലും, ഇതര രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്നതിന്റെ അനുഭവം മെന്റർമാർ പങ്കുവെക്കുന്നത്  കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക്  സഹായകരമാകും എന്നാണ് അല പ്രതീക്ഷിക്കുന്നത്.