'ഇന്നലെ - ഇന്ന്' ശ്രീ. ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ എഴുതുന്ന ദ്വൈവാര പംക്തി (ഭാഗം - 5 )

By: 600074 On: Jan 2, 2022, 12:29 AM

 

"ഇന്നലെ - ഇന്ന്"             ഭാഗം – 5      ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ

 

     കല സാഹിത്യം സംസ്കാരം പരിഷ്ക്കാരം തുടങ്ങിയവയുടെ അങ്ങോളമിങ്ങോളമുള്ള വ്യാപനത്തിന് അന്നും ഇന്നും വേഗത കൂട്ടുന്നത് കുടിയേറ്റം തന്നെയാണ്. ഒരു കാലത്ത് അനേകം വിദേശികൾ സുഗന്ധ വ്യഞ്ജനങ്ങൾ തേടി നമ്മുടെ നാട്ടിലെത്തിയിരുന്നു. എന്നാലിന്ന് അനേകം സ്വദേശികൾ തൊഴിലിനായി വിദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. നാടിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രവാസികൾ സൃഷ്ടിക്കുന്ന മാറ്റം എടുത്തു പറയേണ്ടതു തന്നെയാണ്. അൻപതു വർഷം മുമ്പുള്ള കേരളത്തിന്റെ ചരിത്രത്തിലേക്കു നോക്കുമ്പോൾ ഓരോ മേഖലയിലും ഉണ്ടായ മാറ്റങ്ങൾ പ്രകടമായറിയുവാൻ കഴിയും.

  അന്നത്തെ ഞങ്ങളുടെ സ്ക്കൂൾ കാലത്തിലേക്ക് വിദേശവസ്തുക്കൾ വിരുന്നു വരാൻ തുടങ്ങിയിരുന്നതേയുള്ളു. എഴുത്തു മേഖലയിൽ വിപ്ളവം സൃഷ്ടിച്ചത് Renolds ബാൾ പെൻ ആണെന്നു തോന്നുന്നു. സ്വദേശി ഉല്പന്നങ്ങൾ കൈച്ചടക്കി വെച്ചിരുന്ന ഇടങ്ങളിലൊക്കെ വിദേശവസ്തുക്കൾ കൈയ്യേറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു. ഫോറിൻ വസ്തുക്കളോടുള്ള ഭ്രമം ക്രമേണ ജനങ്ങളിലേക്ക് പകർന്നു തുടങ്ങിയിരുന്നു. എങ്കിലും ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് ആശ്രയം നാടൻ ഉല്പന്നങ്ങളായിരുന്നു. പെപ്സിയും കൊക്കക്കോളയും ക്രിക്കറ്റ് ടൂർണമെന്റുകൾ സ്പോൺസർ ചെയ്തു തുടങ്ങാത്ത അക്കാലത്ത് കുട്ടിയും കോലും, കിളിത്തട്ട്, കബഡി, ഏറു പന്ത് തുടങ്ങിയ വയായിരുന്നു പ്രധാന കളികൾ . മധ്യവേനൽ അവധിക്കു സ്കൂൾ അടച്ചു കഴിഞ്ഞാൽ കൊയ്ത് കഴിഞ്ഞ പാടത്ത് സൂര്യാസ്തമയം വരെ പട്ടം പറത്തിയും വിവിധ കളികളിൽ ഏർപ്പെട്ടും തലങ്ങും വിലങ്ങും ഓടി നടക്കുന്ന ഒരു ഗ്രാമീണ കുട്ടിക്കാലം അന്ന് എല്ലാവർക്കമുണ്ടായിരുന്നു , ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം അന്യമാണല്ലോ ?.

 ആ കാലത്ത് അപ്പർ പ്രൈമറി ക്ലാസുകളിൽ ആഴ്ചയിൽ അവസാനത്തെ ഒരു പീരിയേഡ് ക്ലാസ്സ് മീറ്റിംഗിനായി ഉണ്ടായിരുന്നു. കുട്ടികളുടെ കലാ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഈ മീറ്റിംഗിന്റെ അധ്യക്ഷ പദമലങ്കരിക്കുന്നത് മിക്കപ്പോഴും ക്ലാസ്സ് ടീച്ചറായിരിക്കും. അവസാനത്തെ ഇടവേളയിലായിരിക്കും മോനിട്ടറിന്റേയും ലീഡറിന്റേയും നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തുന്നത്. സ്കൂളിനടുത്തുള്ള കുട്ടിയുടെ വീട്ടിൽ പോയി മേശവിരിപ്പ് ചന്ദനത്തിരി തീപ്പെട്ടി എന്നിവ കൊണ്ടുവരുന്നു. ക്ലാസ്സ് മേശ അലങ്കരിക്കുന്നു.അപ്പോൾ മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ കാര്യപരിപാടിയുടെ അടിസ്ഥാനത്തിൽ മീറ്റിംഗ് തുടങ്ങുകയായി. അന്നു വരെ പ്രസംഗിക്കാത്തവർ പ്രസംഗിക്കുന്നു പാടാത്തവർ പാടുന്നു. പ്രേരണ കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്ന വർ കുറവായിരുന്നു. കൂടുതൽ പേരെയും നിർബന്ധിക്കണമായിരുന്നു. ഉത്സവ പറമ്പുകളിൽ നിന്നു വാങ്ങുന്ന സിനിമപ്പാട്ട് പുസ്തകമായിരുന്നു പാട്ടുകാരുടെ ആധികാരിക ഗ്രന്ഥം. ആരെങ്കിലും ഒരാൾ അതുകൊണ്ടുവരും. അത് കൈമാറി കൈമാറി പാടാത്തവരും പാടും. ചില അനുഗ്രഹീത ഗായകരും അക്കൂട്ടത്തിലുണ്ടായിരുന്നു. തൊലിക്കട്ടി കുറവായതിനാലാകാം അന്നൊക്കെ പെൺകുട്ടികൾ പലരും കാണികൾ മാത്രമായിരുന്നു. യുപിയിൽ നിന്ന് ഹൈസ്കൂൾ ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതിനു മുമ്പുള്ള ക്ലാസ്സ് മീറ്റിംഗ് വിപുലമായിട്ടായിരുന്നു നടത്തിയിരുന്നത്. പതിവ് ഒരുക്കങ്ങൾക്ക് പുറമേ പിരിവെടുത്ത് നാരങ്ങയും മിഠായിയും വാങ്ങി രണ്ടു ട്രേ കളിലായി മേശപ്പുറത്തു വെക്കും. മീറ്റിംഗിന്റെ അവസാനം രണ്ടു മൂന്നു കുട്ടികൾ ട്രേകളുമെടുത്ത് അതുവരെ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ അടുത്തു ചെന്ന് അവർക്ക് നാരങ്ങയും മിഠായിയും നൽകുന്നു. ആഡംബരങ്ങളില്ലാത്ത ഒരു അനുഗ്രഹ ചടങ്ങായി അതു മാറുന്നു.

   സാധ്യായത്തേക്കാൾ അനധ്യായത്തെ സ്നേഹിക്കുന്നവരാണല്ലോ അന്നും ഇന്നും കുട്ടികൾ. അതുകൊണ്ടു തന്നെ പഠിപ്പുമുടക്കിയുള്ള സമരത്തെ ആൺ പെൺ ഭേദമില്ലാതെ എല്ലാ കുട്ടികളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. ഇന്നൊരു സമരമുണ്ടാകണെ എന്നു പ്രാർഥിച്ചാകും നല്ലൊരു ഭാഗം സ്കൂളിൽ എത്തുക. വിദ്യാർഥി സമരത്തെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപകരും അക്കാലത്തുണ്ടായിരുന്നു. പത്രത്താളുകളുടെ ഏതെങ്കിലും മൂലയിൽ കിടക്കുന്ന പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്ന വാർത്ത പത്രം വായിക്കാത്ത വിദ്യാർഥി നേതാക്കളെ രാവിലെ തെരഞ്ഞുപിടിച്ച് അറിയിക്കുന്നത് പലപ്പോഴും ചില അധ്യാപകരായിരുന്നു. സമരം കൊണ്ട് അവർക്കും നേട്ടങ്ങളുണ്ടായിരുന്നു. സമരം മൂലം സ്ക്കൂൾ വിട്ടാൽ ചിലർക്ക് സ്വന്തം കൃഷിസ്ഥലത്ത് പോയി ആ ജോലിയിലൊക്കെ ഏർപ്പെടാം , നേരത്തെ വീട്ടിൽ പോകാം മറ്റു ചിലർക്ക് കൂട്ടം കൂടി ചീട്ടുകളിക്കുകയും മദ്യ സേവയുൾപ്പെടെയുള്ള സ്വൈര്യവിഹാരങ്ങളിലേർപ്പെടുകയും ചെയ്യാം. കുട്ടികളുടെ സമരസന്തോഷത്തിന് പിന്നെ അതിരില്ലല്ലോ. സ്ക്കൂൾ ബസ്സുകൾ ഇല്ലാത്ത, ലൈൻ ബസ്സുകൾ കുറവുള്ള അക്കാലത്ത് കൂടുതൽ കുട്ടികളും നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. പത്തു മണിക്കാണ് സ്കൂൾ പ്രവർത്തിച്ചു തുടങ്ങുന്നതെങ്കിലും ചിലർ ഒൻപതു മണിയാകുമ്പോഴേ സ്കൂളിലെത്തും. സ്കൂൾ പരിസരങ്ങളിലെല്ലാം കറങ്ങി നടക്കും, കൂട്ടുകാരന്മാരും കൂട്ടുകാരികളും വരുന്നതും നോക്കി കാത്തു നില്ക്കും, വന്ന അധ്യാപകരുടേയും വരാത്തവരുടേയും എണ്ണം തയ്യാറാക്കും ,കണക്ക്ഹോം വർക്ക് കോപ്പിയടിക്കാൻ തയ്യാറായി നില്ക്കും. ട്യൂഷനു പോകുന്ന കുട്ടികൾ അന്ന് കുറവായിരുന്നു. അഥവാ പോയാലും പത്താം ക്ലാസ്സിൽ കുറച്ചു കാലം പോകും. ട്യൂഷൻ കഴിഞ്ഞു വരുന്ന കുട്ടികൾ സെക്കന്റ് ബെൽ അടിക്കുമ്പോഴേ സാധാരണ എത്താറുള്ളു. വരുന്നവർ നേരത്തെ എത്തിയവരോട് ആദ്യം ചോദിക്കുന്നത് സമരത്തെക്കുറിച്ചായിരിക്കും. ക്ലാസ്സ് ടീച്ചർമാർ അറ്റന്റൻസ് എടുത്തു കഴിയുമ്പോഴേക്കും സ്കൂൾ പരിസരത്തെ മാവിൻ ചുവട്ടിൽ നിന്നും മുദ്രാവാക്യം വിളി മുഴങ്ങിത്തുടങ്ങും. ക്ലാസ്സിലെ കുറച്ചുപേരെങ്കിലും സമരാനുകൂലികളോടൊപ്പമുണ്ടാകും. സ്വന്തം ക്ലാസ്സിന്റെ മുമ്പിലെത്തുമ്പോൾ ടീച്ചറും കൂട്ടുകാരും കാണാതെ മുങ്ങുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സമരം വിജയിച്ചു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ആഫീസിന്റെ മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന ചേങ്കിലയിൽ നിന്നുള്ള കൂട്ട ബെൽ . അതു കേട്ടുകഴിഞ്ഞാൽ ആർപ്പുവിളികളോടെ വാതിലിൽക്കൂടി തിക്കിതിരക്കിയിറങ്ങാൻ ക്ഷമയില്ലാത്ത കുട്ടികൾ കറുത്ത റബ്ബർ ബാന്റിട്ട പുസ്തക കെട്ടുമായി ജന്നലിലൂടെ പുറത്തേക്ക് പായുകയായി. ചിലർ നേരെ വീട്ടിലേക്ക് അവിടുത്തെ പ്രാരാബ്ധങ്ങളിലേക്ക് , ചിലർ സ്കൂളിനു താഴെപ്പുറത്ത് വയലരികിൽ കുടിവെള്ള പദ്ധതിക്കായി ഉണ്ടാക്കി മുടങ്ങിപ്പോയ വലിയ കുളത്തിൽ പച്ചത്തവളയോടും പൊളവൻ പാമ്പിനോടും ഒപ്പം ജലക്രീഡയിൽ ഏർപ്പെടുന്നു. പുസ്തകക്കെട്ട് ഗ്രൗണ്ടിൽ ഒരിടത്ത് വെച്ചിട്ട് ഉടുപ്പ് ഊരി അതിനെ ഭദ്രമായി പുതപ്പിക്കും. അതിനു ശേഷം മുകളിൽ നിന്നും ഓടി വന്ന് കുളത്തിലേക്ക് ഒറ്റച്ചാട്ടം. കുളത്തിലെ അന്തേവാസികളായ പാമ്പുകൾ പ്രാണരക്ഷാർഥം മാളങ്ങൾ തേടിപ്പായുന്ന കാഴ്ച ഏറെ കൗതുകകരമായിരുന്നു. ചിലരാകട്ടെ സ്കൂളിന് അടുത്തുള്ള ചെങ്കുത്തായ വലിയ മലയിലേക്കും അതിന്റെ താഴ്‌വരയിലുള്ള ഡാമിലേക്കും പോകുന്നു. ചെരുപ്പുകൾ ഇല്ലാത്ത പാദങ്ങളുമായി കല്ലിനേയും മുള്ളിനേയും ചവിട്ടിമെതിച്ച് കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ കാട്ടുപഴങ്ങളും കായ്കളും പറിച്ചു തിന്ന് വഴിയരികിലെ മാവിൽ നിന്നും എറിഞ്ഞു വീഴ്ത്തിയ പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് തിന്ന് പച്ചവെള്ളവും കുടിച്ച് കൂട്ടുകാരോടൊപ്പം കളിച്ചു ചിരിച്ച് കഥ പറഞ്ഞ് പാട്ടു പാടി നടന്ന അക്കാലം ഇന്നത്തെ വിദ്യാർഥികൾക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തതാണല്ലോ ?.

(തുടരും)