'എൻ്റെ തന്ത താൻ തന്നെയാണന്ന് എന്താ ഉറപ്പ്' : കാണാക്കയങ്ങൾ(ഭാഗം 3)

By: 600009 On: Jan 1, 2022, 5:12 PM

Story Writteb By, Abraham George, Chicago.

മാത്യു കോരയുടെ ഇളയ മകൾ ആനി വളർന്ന് ഫലഭൂയിഷ്ഠമായി. അവളെ കണ്ടാൽ ആരുമൊന്ന് നോക്കി പോകും. നോക്കാൻ കഴിയാത്ത അവസ്ഥ.

ആനിമോൾ ഏദൻ തോട്ടത്തിലെ ആപ്പിൾ പോലെ സുന്ദരിയായിരുന്നു. അവളുടെ അധരം അമൃത് പൊഴിക്കുന്നു. തേനും പാലും അവളുടെ നാവിൽ ഊറുന്നു. മാതളത്തോട്ടം അവളിൽ വളരുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും അവളിലുണ്ട്. അവളുടെ പാദകങ്ങൾ എത്ര സുന്ദരം. അവളുടെ സ്തനങ്ങൾ എത്ര കേമം. നിൻ്റെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠ. ആരേയും വശീകരിക്കാൻ കഴിവുള്ള സൗന്ദര്യധാവം. സാത്താൻ അവളിൽ കുടിയിരിക്കണ കൊണ്ടാണ് യുവകോമളന്മാർ അവളുടെ പിന്നാലെ നടക്കണതെന്ന് നാട്ടുകാരിൽ പലരും പറഞ്ഞുനടന്നു. അവളുടെ ഒറ്റ കണ്ണേറ് മതി ഒരു പകൽപ്പൂരത്തിൻ്റെ നിർവൃതി നേടാൻ. അതു മതി ഒരു രാത്രി മുഴുവൻ സ്വപ്നത്തിൽ മുഴുകി ലയിച്ചുറങ്ങാൻ. സ്വപ്നാടനം യുവാക്കളിൽ കണ്ടു തുടങ്ങിയതിൻ്റെ ലക്ഷണമായി അവരുടെ മുഖത്ത് കുരുക്കൾ മുളച്ചുതുടങ്ങി. നാൽക്കവലയിൽ യുവാക്കളുടെ സംസാരവിഷയം അവൾ മാത്രം. ആനിമോൾ.

കോരമുതലാളിയുടെ ഉഗ്രപ്രതാപത്തിൻ്റെ മുന്നിൽ ആർക്കും നേരിട്ട് മുട്ടാൻ ധൈര്യമില്ല. കൊന്ന് കത്തിച്ചു കളയുമെന്ന് എല്ലാവർക്കുമറിയാം. ക്രൂരനും എമ്പോക്കിയുമായ തെണ്ടി. അയാൾക്കുണ്ടായ രണ്ടാൺ മക്കളിലൊന്നിന് ആയുസ്സ് നീട്ടിക്കിട്ടിയില്ല. പന്ത്രണ്ട് വയസ്സ് തികയും മുമ്പേ മൂത്തവനെ കരിമൂർഖൻ കടിച്ചു. അന്നുതന്നെ അയാൾ വിഷം തീണ്ടി മരിച്ചു. അതുകൊണ്ടൊന്നും കോര തളർന്നില്ല. അതിനിളയത് ഒരെണ്ണം ഉണ്ടായിരുന്നു, മത്തായി കുഞ്ഞ്. തനി കോരയെ വാർത്തെടുത്തത്. എന്തിനും തികഞ്ഞ പെരും പോക്രി. പണം കൊണ്ട് കൂത്താടി നടക്കുകയാണ് ചെറ്റ. പണത്തിൻ്റെ മോളിൽ പരുന്തും പറക്കില്ലായെന്ന ചൊല്ല് ഇവനായിട്ട് നശിപ്പിക്കുമെന്ന് അയാൾക്ക് തോന്നി തുടങ്ങി. തൻ്റെ കഴിവിൻ്റെ ഏഴയലത്ത് പോലും പോകാത്ത ഒരുത്തനായി അയാൾ അവനെ കരുതി. അവനറിയോ സ്വത്തുണ്ടാക്കിയതിൻ്റെ പിന്നാമ്പുറത്തെ കഥകൾ. മാത്യു കോര ഓർത്തു ..

ചില്ലിക്കാരുമായി ഇവിടെയെത്തി കാട് വെട്ടിനിരത്തി കുരുമുളകും ഇഞ്ചിയും മരച്ചീനിയും പറങ്കിമാവും പിന്നെ ഉണ്ടാക്കിയെടുത്തതെല്ലാം സ്വന്തം പ്രയത്നം കൊണ്ടാണന്ന് ഈ എമ്പോക്കിക്ക് വല്ലതും അറിയാമോ? ആരേയും വകവെക്കാതെയുള്ള അവൻ്റെ പെരുമാറ്റം കാണുമ്പോൾ എല്ലാം കടിച്ചമർത്തും. ഒന്നോർക്കും, എൻ്റെ കാലം കഴിഞ്ഞാൽ എല്ലാം നോക്കി നടത്താൻ ഇവനല്ലാതെ വേറെയാരാണുള്ളത്. സുഖലോലുപനായി നടക്കണ നടപ്പ്കണ്ട് മാത്യു കോരക്ക് ഒരിക്കൽ കലികയറി പറഞ്ഞു

"നീ തിന്ന് മുടിക്കുന്നത് എൻ്റെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമാണന്ന് അറിയോടാ പട്ടീ," അയാൾ ആക്രോഷിച്ചു.

അന്ന് മത്തായി കുഞ്ഞ് പറഞ്ഞ ഉത്തരം കേട്ട് അയാൾ ചൂളിപ്പോയി.

"നിങ്ങളതിന് മതിമറന്ന് സുഖിച്ചിട്ടുണ്ട്. സ്വന്തം ഭാര്യയെ വരെ പണയം വെക്കാൻ തയ്യാറായ തന്നെ തന്തയെന്ന് വിളിക്കാൻ എനിക്ക് ലജ്ജയാണ്. എൻ്റെ തന്ത താൻ തന്നെയാണന്ന് എന്താ ഉറപ്പ്."

ഉഗ്രപ്രതാപിയായ മാത്യു കോര മകൻ്റെ മുന്നിൽ നിശ്ബ്ദനായി കുറച്ചു നേരം നിന്നുപോയി. തൻ്റെ ശക്തി ചോരുന്നതായി തോന്നി. തല്ലാൻ ഓങ്ങിയ കൈതാഴേക്ക് വീണു. ശരീരം തളരുന്നതുപോലെ. തലമുറക്കായി പേരും പെരുമയും വളർത്തിയെടുക്കാൻ ശ്രമിച്ചതെല്ലാം പാഴായിയെന്ന തോന്നൽ അയാളിൽ വളർന്നു. ജീവിതത്തിൽ ആദ്യമായി അയാൾ മകൻ്റെ മുന്നിൽ പകച്ചു നിന്നു.

------തുടരും---------