നടന്‍ ജി കെ പിള്ള അന്തരിച്ചു 

By: 600021 On: Jan 1, 2022, 10:53 AM

നടന്‍ ജി.കെ. പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

1924ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാര്‍ത്ഥ പേര്. പതിഞ്ചാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പന്ത്രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യത്തെ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥന്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. എന്റെ മാനസപുത്രി എന്ന സീരിയലിലെ കഥാപാത്രവും ശ്രദ്ധ നേടി. 

സത്യന്‍, നസീര്‍, ഉമ്മര്‍, മധു, സോമന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. 'കാര്യസ്ഥന്‍' എന്ന സിനിമയിലെ മധുവിനൊപ്പമുള്ള കാരണവര്‍ വേഷമാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയത്. വിമുക്തഭടനായ പിള്ള 15 വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എക്‌സ് സര്‍വീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. ആറ് മക്കളാണ് അവര്‍ക്കുള്ളത്. മക്കള്‍  പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍


Content Highlights : Actor G. K. Pillai passed away