ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിനാല്‍ ആല്‍ബെര്‍ട്ടയില്‍ സ്‌കൂളുകള്‍ ജനുവരി 10 വരെ അടച്ചിടാന്‍ തീരുമാനം. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമാണ്. ജനുവരി 11ന് ആരംഭിക്കാനിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഡിപ്ലോമ പരീക്ഷകള്‍ റദ്ദാക്കും.
അവധിക്കാലം നീട്ടുന്നത് ജീവനക്കാരെയും സ്‌കൂള്‍ ബോര്‍ഡുകളെയും ക്ലാസുകളിലേക്ക് മടങ്ങുന്നതിന് കൂടുതല്‍ തയ്യാറെടുക്കാന്‍ സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍, ബസ് ഡ്രൈവര്‍മാര്‍, മെയിന്റനന്‍സ് തൊഴിലാളികള്‍, മറ്റു സ്റ്റാഫുകള്‍ എന്നിവരുള്‍പ്പെടെയുള്ള ജീവനക്കാരുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പല സ്‌കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.