ഒന്റാരിയോയോയിൽ ഐസൊലേഷൻ കാലയളവ് ചുരുക്കുന്നു, കോവിഡ് ടെസ്റ്റിംഗിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

By: 600007 On: Dec 30, 2021, 9:45 PM

കോവിഡ് പോസിറ്റീവ് ആവുന്ന വാക്‌സിനേഷൻ എടുത്തവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമാക്കി ചുരുക്കുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങന്നതിന്  മുമ്പുള്ള രണ്ട് ദിവസങ്ങളിലും പോസിറ്റിവ് ആയിക്കഴിഞ്ഞുള്ള മൂന്ന് ദിവസങ്ങളിലും ആണ് ആരോഗ്യമുള്ള ആളുകളിൽ നിന്ന്  വൈറസ് ഏറ്റവും കൂടുതൽ പകരാൻ സാധ്യതയുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസൊലേഷൻ കാലയളവ് ചുരുക്കുന്നതെന്ന് സർക്കാർ അറിയിച്ചു. 

വാക്‌സിനേഷൻ എടുത്തിട്ടുള്ളവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികളും കോവിഡ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിന് ശേഷം അഞ്ച് ദിവസത്തേക്ക് മാത്രമേ ഐസൊലേറ്റ് ചെയ്യേണ്ട ആവശ്യമുള്ളു.  ഐസൊലേഷന് ശേഷം പൊതു ആരോഗ്യ സുരക്ഷാ നടപടികളായ മാസ്കിംഗും ശാരീരിക അകലവും പോലുള്ള എല്ലാ സുരക്ഷാ നടപടികളും പിന്തുടരേണ്ടതാണ്.  പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്ത അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ 10 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യേണ്ടതാണ്. ആരോഗ്യ പരിപാലന ക്രമീകരണങ്ങളിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന വ്യക്തികൾക്ക് കോവിഡ് പിടിപെട്ടാൽ, നെഗറ്റീവ് പിസിആർ അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് ഏഴ് ദിവസത്തെ ഐസൊലേഷനുശേഷം ഇനിമുതൽ ജോലിയിൽ പ്രവേശിക്കാം.

ഒന്റാരിയോയോയിൽ ഡിസംബർ 31 മുതൽ, രോഗലക്ഷണങ്ങളുള്ള ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കും ആരോഗ്യ പരിപാലന മേഖല പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ക്രമീകരണങ്ങളിൽ ജോലി ചെയ്യുന്നവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും മാത്രമേ പിസിആർ പരിശോധനകൾ ലഭ്യമാകൂ എന്ന് സർക്കാർ അറിയിച്ചു. കൂടാതെ, റാപിഡ് ആന്റിജൻ പരിശോധനയിൽ നിന്ന് പോസിറ്റീവ് ഫലം ലഭിക്കുന്നവർ പിസിആർ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സർക്കാർ ന്യൂസ് റീലിസിൽ പറഞ്ഞു.