ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

By: 600021 On: Dec 30, 2021, 6:12 PM

രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രിചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 52കാരന്റെ സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 26നാണ് ഇതിന് മുന്‍പ് അവസാനമായി പതിനായിരം കടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണുന്നത്. 

അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം ഒമിക്രോണാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 961 ആയി ഉയര്‍ന്നു. ഒമിക്രോണ്‍ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഡല്‍ഹിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


Content highlight: India reports first death due to omicron