ഒമിക്രോണ്‍ ഭീതിയില്‍ ലോകം; യൂറോപ്പില്‍ അതിവ്യാപനം

By: 600021 On: Dec 29, 2021, 8:05 PM

ഒമിക്രോണ്‍ ഭീതിയില്‍ ലോകം. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം വൈറസ് പടരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ ഒറ്റദിവസം 1,79,807 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണിത്. ജനുവരി ആദ്യത്തോടെ ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒളിവര്‍ വെറാന്‍ പറഞ്ഞു. 

ഫ്രാന്‍സിന് പുറമേ, ഇറ്റലി ഗ്രീസ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം കോവിഡ് വ്യാപനം കുതിക്കുകയാണ്. ബ്രിട്ടനില്‍ ഇന്നലെ 1,29,471 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇത് സമീപകാല കോവിഡ് കേസുകളുടെ എണ്ണത്തിലെ റെക്കോഡാണ്. 

ബ്രിട്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പുതുവത്സരാഘോഷങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യസംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അടച്ചിടല്‍ അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. 

അമേരിക്കയില്‍ ഒമിക്രോണ്‍ കേസുകള്‍ 58.6 ശതമാനമായി ഉയര്‍ന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.

content highlights: omicron fear grips world as europe uk see record covid cases