ആധുനിക കാലത്തിന്റെ ഡാര്‍വിന്‍ എന്നറിയപ്പെടുന്ന എഡ്വാര്‍ഡ് ഒ. വില്‍സണ്‍ അന്തരിച്ചു

By: 600021 On: Dec 28, 2021, 7:20 PM


ആധുനിക കാലത്തിന്റെ ചാള്‍സ് ഡാര്‍വിന്‍ എന്നറിയപ്പെടുന്ന വിഖ്യാത അമേരിക്കന്‍ ജീവശാസ്ത്രജ്ഞന്‍ എഡ്വാര്‍ഡ് ഒ.വില്‍സണ്‍ (92) അന്തരിച്ചു. പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായിരുന്നു. ഇ.ഒ. വില്‍സണ്‍ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ വേര്‍പാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഫിറമോണ്‍ എന്ന ജൈവരാസപദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയവിനിമയം നടത്തുന്നതെന്ന് ആദ്യം കണ്ടെത്തിയത് വില്‍സനാണ്. ജൈവവൈവിധ്യം, ജീവിസ്‌നേഹം (ബയോഫിലിയ) എന്നീ വാക്കുകള്‍ ജീവശാസ്ത്രത്തിനു സംഭാവന ചെയ്തതും വില്‍സനാണ്.


പരിണാമ ജീവശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാമൂഹിക ജീവശാസ്ത്രം എന്ന പഠനമേഖലയ്ക്ക് തുടക്കമിട്ടു. ബെര്‍തോള്‍ഡ് ഹൊള്‍ഡൊബ്ലറുമായി ചേര്‍ന്നെഴുതിയ ഉറുമ്പ് (ദി ആന്റ്‌സ്) എന്ന ഗ്രന്ഥത്തിന് വില്‍സന് 1991ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. രണ്ടുതവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 30ഓളം പുസ്തകങ്ങളും നൂറിലേറെ ശാസ്ത്രപ്രബന്ധങ്ങളും രചിച്ചു. യു.എസ്. നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അടക്കം നൂറോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Content Highlights: Edward Wilson the modern darvin is no more