കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

By: 600021 On: Dec 28, 2021, 7:09 PM

 

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായും കരുതല്‍ ഡോസിനായും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ല. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കും. കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുകയെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 9 മാസങ്ങള്‍ക്ക് ശേഷമാണ് കരുതല്‍ ഡോസ് നല്‍കുന്നത്. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും പൂര്‍ത്തിയായി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 4.67 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കണം.  സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.

Content highlights: special arrangement for covid vaccination for teenagers