കെ.എസ് സേതുമാധവന് വിട

By: 600021 On: Dec 25, 2021, 4:17 AM

മലയാള സാഹിത്യത്തെ സിനിമയോടടുപ്പിച്ച സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ വിട പറഞ്ഞു. ചെന്നൈയിലായിരുന്നു അന്ത്യം. ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 

1931ല്‍ സുബ്രഹ്മണ്യത്തിന്റെയും ലക്ഷ്മിയുടെയും അഞ്ച് മക്കളില്‍ ഒരാളായായി പാലക്കാട് ജനനം. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്ര പഠനത്തിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ മലയാളത്തിലെ മുന്‍നിര സംവിധായക നിരയിലേക്ക് കെ എസ് സേതുമാധവനും ഇടം നേടി. അറുപതുകളുടെ തുടക്കത്തോടെ മലയാള സിനിമയില്‍ പ്രവേശിച്ച അദ്ദേഹം നീണ്ട വര്‍ഷക്കാലം സാഹിത്യഗുണവും സാമൂഹികവുമായ കാഴ്ച്ചപ്പാടൂകളുമുള്ള സിനിമകളെ നിര്‍മ്മലമായ രീതിയില്‍ അവതരിപ്പിച്ചു. ജ്ഞാനസുന്ദരി, കണ്ണും കരളും, നിത്യകന്യക, കരകാണാക്കടല്‍, ഓടയില്‍ നിന്ന്, ദാഹം, സ്ഥാനാര്‍ത്ഥി സാറാമ്മ, വാഴ്വേ മായം, അരനാഴിക നേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, അച്ഛനും ബാപ്പയും, ചട്ടക്കാരി, യക്ഷി, ഓപ്പോള്‍, മറുപക്കം, പണിതീരാത്ത വീട്, അഴകുള്ള സെലീന തുടങ്ങിയ സിനിമകളിലൂടെ സേതുമാധവന്‍ മലയാള സിനിമയ്ക്ക് പുതിയ തലങ്ങള്‍ സമ്മാനിച്ചു.

content highlights: farewell to ks sethumadhavan