'ഇപ്പോൾ അയാൾ അറിയപ്പെടുന്നത് കോര മുതലാളി' : കാണാക്കയങ്ങൾ (ഭാഗം 2)

By: 600009 On: Dec 23, 2021, 4:52 PM

Story Writtern by, Abraham George, Chicago.

പലായനത്തിൻ്റെ നാളുകളിലാണ് മാത്യു കോരയും കുടുംബവും തെക്കൻ തിരുവിതാംകൂറിൽ നിന്നും പീച്ചി വനാതിർത്തിയിലേക്ക് കടന്നത്. തിരുവിതാംകൂറിൽ നിന്നും കൂട്ടത്തോടെ വയനാടൻ കാട്ടിലേക്ക് പോയപ്പോൾ മാത്യു കോരയും കുടുംബവും തൃശൂർ പട്ടിക്കാട് വന്ന് തമ്പടിച്ചു. അവിടമായിരുന്നു ചെറിയൊരു ഗ്രാമമുക്ക്. അവിടന്നങ്ങോട്ട് കാടാണ്.

ആകാശം മുട്ടെ നിൽക്കുന്ന കുന്നുകൾ, കയറ്റവും ഇറക്കവും. കാട്ടിൽ എന്തൊക്കെ മൃഗങ്ങളുണ്ടന്ന് പോലും കോരക്കറിയില്ല. ഉഗ്രൻ വിഷമുള്ള പാമ്പുകൾ കാട് നിറയെയുണ്ട്. പാലക്കാടൻ ചുരം വഴിയെത്തുന്ന കാറ്റിന് വേനലിൻ്റെ ചുരുണ്ട്. വേനലിനെ, മഴയെ, മഞ്ഞിനെ, അവഗണിച്ച് അയാളും കൂട്ടാളികളും കാട്ടിലേക്ക് കയറി. പകൽ മുഴുവൻ വനം വെട്ടി കൈവശമാക്കുക എന്നതാണ് ലക്ഷ്യം. പട്ടിക്കാട്ടു മുതൽ അങ്ങോട് വൻ കാടാണ്. പീച്ചി ഡാമും കടന്ന് കാട് അങ്ങനെ പരന്ന് കിടക്കുന്നു. ഡാമിൻ്റെ പണി തകൃതിയായി നടക്കുന്നുണ്ട്. ഡാമിലേക്ക് പോകാൻ പട്ടിക്കാട്ടു നിന്നും ഒരു റോഡ് പണുതു കഴിഞ്ഞു.

സെക്കൻ്റ് വേൾഡ് വാർ കഴിഞ്ഞ കാലം. ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയേഴിൽ നിർമ്മാണം തുടങ്ങിയ പീച്ചി ഡാം, മണലിപ്പുഴക്ക് കുറുകെയാണ് പടുത്തുയർത്തുന്നത്. ജലസേചനമാണ് പ്രധാന ഉദ്യേശം. ദാരിദ്യം കൊടികുത്തി വാഴുന്ന കാലം. പലായനത്തിൻ്റെ നാളുകൾ. നാട്ടിലുള്ളതെല്ലാം വിറ്റു പെറുക്കിയാണ് മാത്യു കോരയുടെയും കുടുംബത്തിൻ്റെയും വരവ്. അക്കാലത്ത് വനം കൈവശമാക്കാൻ പലരും അവിടെ തമ്പടിച്ചിരുന്നു. വനപാലകരുടെ കണ്ണ് വെട്ടിച്ചാണ് വനം വെട്ടിനിരത്തി സ്വന്തമാക്കുന്നത്. സ്വന്തമാക്കുന്ന ഭൂമിയിൽ വനപാലകർ കൂടുതൽ ബലം പ്രയോഗിക്കാറില്ല.

മാത്യു കോരക്ക് വനം അങ്ങനെ കിടക്കണ കിടപ്പ് കണ്ടിട്ട് വായിൽ വെള്ളം ഊറി. കാട്ടാനയെ പടക്കവും പാട്ടക്കൊട്ടി ഓടിച്ചും നരി കുറുക്കൻ കാട്ടുപോത്ത് കാട്ടുപന്നി മുതലായവയോട് മല്ലടിച്ചും കോര ഭൂമി കൈയ്യടക്കി. കൃഷി ഇറക്കി. ഫലഭൂയിഷ്ടമായ മണ്ണിലെ വിളവ് കണ്ട് കോരയുടെ കണ്ണ് തള്ളിപ്പോയി. മൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ ഏറുമാടം കെട്ടി രാത്രി കാലങ്ങളിൽ കാട്ടിൽ കൂടി. വനപാലകരുടെ എതിർപ്പിനെ തണുപ്പിക്കാൻ വാറ്റും പെണ്ണും കൊടുത്ത് അവരെ വശത്താക്കി. അതിനു പറ്റിയ ഒരു സാധനം കോരയുടെ പക്കലുണ്ടായിരുന്നു, ഭാര്യയുടെ അനുജത്തി. പത്തു പേർ മെതിച്ചു കഴിഞ്ഞാലും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ വായെന്ന് കിടന്ന കിടപ്പിൽ പറയും ആ സാധനം. വനപാലകർക്ക് ശരിക്കും  ബോധിച്ച ഒന്നായിരുന്നു ആ സ്വർണ്ണ രത്നം. വനം കേറി വെട്ടിപ്പോകുന്നതിൽ കോരയെ ആരും തടഞ്ഞില്ല. തടയിടാൻ അവർക്ക് തോന്നിയില്ല. വേണ്ടിവന്നാൽ ഭാര്യയെ വരെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നു. മാനം പോയാലെന്താ ഭൂമി കൈവശം കിട്ടുമല്ലോയെന്നതായിരുന്നു അയാളുടെ ആപ്തവാക്യം.

അങ്ങനെയാണ് കോര ആ നാട്ടിലെ ഭൂപ്രഭുയായത്. ഇപ്പോൾ അയാൾ അറിയപ്പെടുന്നത് കോര മുതലാളി. അവിടെ വെച്ച് കോര ത്രേസ്യാ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മൂന്നു സന്തതികളിൽ ഒരു പെൺകൊടി ആനി. അതിൻ്റെ തന്ത മാത്യു കോര തന്നെയാണോയെന്നതിൽ അയാൾക്കു പോലും നിശ്ചയമില്ല. എന്നാലും അയാൾ അവളെ പുന്നാരിച്ച് വളർത്തി.

ഭൂമി കിടക്കണ കിടപ്പ് കാണുമ്പോൾ കഴിഞ്ഞതെല്ലാം അയാൾ മറക്കും. മനസ്സ് കിളിർക്കും. അന്തിയിൽ അന്തികളള് ചെല്ലുമ്പോൾ അടുത്തിടെയായി അയാളുടെ മനസ്സിനൊരു വിഭ്രാന്തി. ഒരുതരം പരാക്രമം. പള്ളിയിലെ അച്ചന്മാരെ കൊണ്ടുവന്ന് പ്രാർത്ഥിപ്പിച്ചു. ധൂപക്കുറ്റി വീശി. പള്ളി പുതുക്കി പണുതു കൊടുക്കാമെന്നേറ്റു. ഗ്രീ വർഗ്ഗീസ് സഹദായക്ക് പൊന്നു വളയിട്ടു. ദൈവം ഇതേ വരെ കനിഞ്ഞിട്ടില്ല. പണം കൊണ്ട് ദൈവത്തെപ്പോലും വിലക്കെടുക്കമെന്നാണ് അയാളുടെ ചിന്ത.

കള്ള് ചെല്ലുമ്പോൾ അയാൾ ഉറക്കെ പറയും എനിക്ക് പണമുണ്ട്, സ്വത്തുണ്ട് പള്ളിയിലെ അച്ചന്മാർ പോലും എൻ്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കും. പണത്തിൻ്റെ മുന്നിൽ പിണവും വാ പൊളിക്കും. പണം കഴിഞ്ഞേ മറ്റൊന്നുള്ളൂയെന്നാണ് അയാളുടെ വിശ്വാസം. ബോധം അശ്ശേഷമില്ലാത്ത ആ ചെറ്റ അതും പറയും അതിനപ്പുറവും പറയുമെന്ന് നാട്ടുകാർ മറയത്ത് പറഞ്ഞു നടന്നു.

-------------------തുടരും-----------------