മോല്‍നുപിറാവിര്‍ കോവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം

By: 600021 On: Dec 23, 2021, 3:54 PM

മോല്‍നുപിറാവിര്‍ കോവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം നല്‍കി. ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന മെര്‍ക്ക് കമ്പനിയുടെ ഗുളികയ്ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്. ഗുളിക കണ്ടെത്തിയതോടെ കോവിഡ് ചികിത്സയില്‍ മറ്റൊരു വഴി കൂടി തെളിഞ്ഞിരിക്കുകയാണെന്ന് എഫ്ഡിഎ ശാസ്ത്രജ്ഞ ഡോ. പട്രീസിയ കാവാസോനി വ്യക്തമാക്കി.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബര്‍ നാലിന് ബ്രിട്ടന്‍ ആദ്യമായി അംഗീകാരം നല്‍കിയിരുന്നു. 'മോല്‍നുപിറാവിര്‍' എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) അംഗീകാരം നല്‍കിയിരുന്നത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരുന്നത്. വളരെ കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്.  

Content Highlights:US approves Merck's Molnupiravir Covid pill after Pfizer