മാസ്‌ക് ധരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് ലോകാരോഗ്യസംഘടന

By: 600002 On: Dec 23, 2021, 6:28 AM

 


കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കെ മാസ്‌ക് ധരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് ലോകാരോഗ്യസംഘടന. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഓഗസ്റ്റിലും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം പുതിയ ചില മാര്‍ഗനിര്‍ദേശങ്ങളും ബുധനാഴ്ച പുറത്തിറക്കിയ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

കോവിഡ് വ്യാപനമുള്ള കമ്മ്യൂണിറ്റിയിലും ക്ലസ്റ്ററിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. വാക്‌സിനെടുത്തവരാണെങ്കിലും മാസ്‌ക് ധരിച്ചിരിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. നല്ല രീതിയില്‍ മുഖത്ത് പാകമാകുന്ന തരത്തിലുള്ള മാസ്‌കായിരിക്കണം ധരിക്കേണ്ടത്. 

കോവിഡ് ബാധിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളവര്‍ ഒരു മീറ്റര്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ഏത് സാഹചര്യത്തിലും മെഡിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

നോണ്‍-മെഡിക്കല്‍, ഫാബ്രിക് മാസ്‌കുകള്‍ ധരിക്കാനാണ് ലോകാരോഗ്യസംഘടന ആദ്യം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നത്. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരോ, അസുഖ ബാധിതരോ, കോവിഡ് ലക്ഷണങ്ങളുള്ളവരോ മെഡിക്കല്‍ മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവരും മെഡിക്കല്‍ മാസ്‌ക് ധരിക്കാന്‍ ഡബ്ല്യുഎച്ച്ഒ പറയുന്നു.