കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ക്യുബെക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുന്നു. പൊതുജനാരോഗ്യ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതായി പ്രീമിയര്‍ ഫ്രാന്‍കോയിസ് ലഗോള്ഡ് പറഞ്ഞു. ക്രിസ്മസ് അവധിക്ക് 10 ആളുകളുടെ ഗ്രൂപ്പുകളായി ഒത്തുചേരാന്‍ അനുവദിക്കുമെന്ന് ഗവണ്മെന്റ് അറിയിച്ചു. എന്നാല്‍ ഡിസംബര്‍ 26 മുതല്‍, സ്വകാര്യ വീടുകളിലെ ഒത്തുചേരലുകള്‍ ആറ് പേരോ അല്ലെങ്കില്‍ രണ്ട് ഫാമിലി ബബിള്‍സോ ആയി ചുരുക്കും.
അവധി ദിവസങ്ങളില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യത കൂടുതലായതിനാല്‍ റെന്റല്‍ റൂമുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയില്‍ പ്രൊവിന്‍സ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റസ്റ്റോറന്റുകളിലെത്തുന്നവര് രണ്ടില്‍ കൂടുതല്‍ വസതികളില്‍ നിന്നുള്ളവരാകരുത്. വിവാഹങ്ങള്‍ക്കും ശവസംസ്കാര ചടങ്ങുകള്‍ക്കും 25 പേരെ വരെ അനുവദിക്കുന്നതില്‍ മാറ്റമില്ല.
ക്യുബെക്കില്‍ വ്യാഴാഴ്ചത്തെ പ്രതിദിന കോവിഡ് കേസുകള്‍ പുറത്തുവിട്ടത് ഏറെ ആശങ്കയുളവാക്കുന്നതാണ്. വ്യാഴാഴ്ചത്തെ പ്രതിദിന കേസുകള്‍ 9000ത്തിലെത്തുമെന്ന് കരുതുന്നതായി ലെഗോള്ഡ് പറഞ്ഞു.