കേരളത്തില്‍ ഒന്‍പതുപേര്‍ക്കു കൂടി ഒമിക്രോണ്‍

By: 600021 On: Dec 22, 2021, 5:55 PM

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു. എറണാകുളത്ത് ആറും തിരുവനന്തപുരത്ത് മൂന്നു പേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.  വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ ആയിരുന്ന പതിനൊന്നു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  

കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമിക്രോണ്‍ എന്നു കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോണ്‍ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തില്‍ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഡേറ്റ വിശകലനത്തിനുള്ള ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാനങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കണം. കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം തുടങ്ങിയ നടപടികള്‍ സ്വീകരിക്കാമെന്നും കത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കില്‍ ഐസിയു കിടക്കകളില്‍ 40 ശതമാനത്തില്‍ അധികം രോഗികള്‍ ഉള്ള സ്ഥലങ്ങളിലും കര്‍ശനനിയന്ത്രണം വേണമെന്നും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Content highlight:Nine more omicron cases confirmed in kerala