ഇസ്രയേലില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു; നാലാം ഡോസ് വാക്‌സിന്‍ നല്‍കാനൊരുങ്ങി രാജ്യം

By: 600007 On: Dec 22, 2021, 5:39 PM

    
ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടയിലാണ് ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചത്. ഇസ്രയേലിലെ ബിര്‍ഷെവയിലെ സൊറൊക ആശുപത്രിയില്‍വെച്ചാണ് 60 കാരന്‍ മരിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഇസ്രയേലില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ആദ്യമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യമാണ് ഇസ്രയേല്‍. ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാലാം ഡോസ് വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.

Content highlight: Israel become first country to announce fourth dose of covid vaccine