പ്രമുഖ വ്യവസായി ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

By: 600021 On: Dec 22, 2021, 5:17 PM

പ്രമുഖ വ്യവസായി ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഈ മാസം 11ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പേസ് ഗ്രൂപ്പ് ചെയര്‍മാന്‍,  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സഹ ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു.

1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനായി ജനനം. 1966ല്‍ ഗള്‍ഫിലെത്തിയ ഇബ്രാഹിം ഹാജി ആദ്യം ടെക്‌സ്‌റ്റൈല്‍ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. ജ്വല്ലറി, ഗാര്‍മന്റ്‌സ് മേഖലയിലും വിജയിച്ചു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള ഗ്രൂപ്പായി വളര്‍ന്ന പേസ് ഗ്രൂപ്പിന് കീഴില്‍ 25 രാജ്യങ്ങളിലെ 20000 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയും മംഗുളൂരുവില്‍ എന്‍ജിനീയറിങ് കോളജടക്കം അഞ്ചു സ്ഥാപനങ്ങളുണ്ട്.

Content highlight: Ibrahim Haji passed away