കോവിഡ്; ക്യൂബെക്കിൽ സ്കൂളുകളും ബാറുകളും ജിമ്മുകളും അടയ്ക്കുന്നു 

By: 600007 On: Dec 20, 2021, 9:36 PM

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ  ബാറുകൾ,  കാസിനോകൾ, തിയേറ്ററുകൾ, ജിമ്മുകൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെയുള്ളവ അടയ്ക്കുന്നു.  സ്ഥിതി അതീവ ഗുരുതരമാണെന്ന് ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ദുബെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 10 വരെയാണ് സ്‌കൂളുകൾ അടയ്ക്കുന്നത്. ക്ലാസുകൾ ഓൺലൈൻ ആയി നൽകും.

ഹെയർ സലൂണുകളും വ്യക്തിഗത പരിചരണ സേവനങ്ങളും പോലുള്ള ചില സ്ഥാപനങ്ങൾക്ക്  പ്രവർത്തിക്കാനാകും. റെസ്റ്റോറന്റുകൾക്ക്  കപ്പാസിറ്റി 50 ശതമാനം പ്രവേശന പരിധി വെച്ച് രാവിലെ 5 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. 

തിങ്കളാഴ്ച, 4,571 പേർക്കാണ് ക്യുബിക്കിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3093 പേരും പൂർണ്ണമായും വാക്‌സിൻ എടുത്തവരും, 1258 പേർ വാക്‌സിൻ എടുക്കാത്തവരുമാണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.1 ശതമാനമാണ്. കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ തിരക്കുകൾ നേരിടുന്നതിനാൽ, രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കോവിഡ് പരിശോധനയ്ക്ക് പോകരുതെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.