Story Written by, Abraham George, Chicago.
കർക്കിടകം ആവശ്യത്തിലേറേ സമ്മാനമായി തന്നതായിരുന്നു വെള്ളം, മഴവെള്ളം. പുഴയും, തോടും, വയലും കര-കവിഞ്ഞൊഴുകി. മാത്യു കോരയുടെ വീട്ടുമുറ്റത്ത് കണങ്കാലിനൊപ്പം വെള്ളം കയറി കഴിഞ്ഞു. ഇനിയും കർക്കിടകത്തിന് പെയ്ത് തീർക്കാനുള്ള മഴ ബാക്കി നിൽപ്പുണ്ട്. പെയ്തിട്ടും പെയ്തിട്ടും മതിവരാത്ത കർക്കിടകം. നാടാകെ ദാരിദ്രം. മാത്യുകോരക്ക് ചീതപുലയൻ കൂട്ട്', മാത്യുകോരയുടെ കെട്ടിയോള് ത്രേസ്യാക്ക്, കാളി മൂപ്പത്തി കൂട്ട്.
പുഴയിൽ നിന്നും ചെളിവെള്ളം കയറി വയല് നിറഞ്ഞപ്പോൾ കോരയെക്കാൾ വേദനിച്ചത് ചീതപ്പുലയനാണ്. ചീത പുലയൻ പറഞ്ഞു
"തമ്പാനേ നമ്മടേ കൃഷിയൊക്കെ പോയി. ഓണത്തിന് പുന്നെല്ലിൻ്റെ ചോറ് ഉണ്ണാനാവില്ല, മട വീണു, അത് കെട്ടിയുറപ്പിക്കണം, പുഴയിൽ നിന്ന് ചെളികുത്തി ഉറപ്പിക്കാം, ചേറുവെള്ളം കോരി വറ്റിക്കണം, അഞ്ചാറു പേരെകൂടിക്കൂട്ടേണ്ടി വരും തമ്പാനേ."
"നീ എന്തായെന്ന് വെച്ച് ചെയ്യ് ചീതാ " മാത്യു കോര പറഞ്ഞു.
"അടിയൻ എന്നാണന്ന് വെച്ചാൽ ചെയ്യാം." ചീത പുലയൻ പറഞ്ഞു.
എല്ലാം ചെയ്തിട്ടും ആ വർഷത്തെ കൃഷി മുഴുവൻ നശിച്ചു. നാട്ടിൽ ദാരിദ്രം നിറഞ്ഞു. പുലയകുടിയിൽ ദാരിദ്രം നിറഞ്ഞപ്പോൾ മാത്യുകോരക്ക് വേദനിച്ചില്ലാ. സ്വന്തം വസതിയിൽ ദാരിദ്രം നിറഞ്ഞപ്പോൾ കോരയുടെ കണ്ണു നിറഞ്ഞു. മാത്യുകോര മുറ്റത്തേക്ക് ഇറങ്ങി നിന്ന് ആകാശം നിരീക്ഷിച്ചു. മാനം കറുത്തിരുണ്ടു തന്നെ. ഒന്നും ബാക്കി വെച്ചേക്കില്ലാ, ഈ കൊല്ലത്തെ കാലവർഷം, അയാൾ പിറു പിറുത്തു.
"മുടിഞ്ഞ കർക്കിടകം "
പടിഞ്ഞാറ് നിന്ന് കാർമേഘങ്ങളെ കാറ്റ് മലയുടെ മുകളിലേക്ക് എത്തിക്കുകയായി. ഇനിയും മഴനീണ്ടു നിൽക്കും. അയാൾ കണക്കുകൂട്ടി പറഞ്ഞു. കുഞ്ഞുങ്ങളുമായി ത്രേസ്യാ ഉമ്മറപ്പടിയിൽ വന്നിരുന്ന് പറഞ്ഞു
"നമുക്ക് ഈ മുടിഞ്ഞ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകാം."
അപ്പുറത്തെ വീട്ടിലേ മത്തായിയും കുടുംബവും വയനാട്ടിൽ പോയി രക്ഷപ്രാപിച്ചു. മാത്യുകോര ആകാശ നിരീക്ഷണം കഴിഞ്ഞ് തിരിച്ചെത്തി ഉമ്മറ മതിലിൽ കയറിയിരുന്നു. അയാൾ തുടർന്നു
"നമുക്കും അങ്ങനെ വല്ലതും ചെയ്യേണ്ടി വരും, ചിങ്ങം പിറക്കട്ടേ.''
------തുടരും-------