കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി അതിര്‍ത്തിയിലെ ഗന്ധൂത് ഭാഗത്ത് ഇ.ഡി.ഇ. സ്‌കാനിങ് ആരംഭിച്ചു. മറ്റ് എമിറേറ്റുകളില്‍നിന്ന് റോഡുമാര്‍ഗം അബുദാബിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയായ ഇവിടെ 15 വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാനാകും വിധം പ്രത്യേക സ്‌കാനിങ് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.
യാത്രക്കാര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങുകയോ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയോ ചെയ്യേണ്ട. യാത്രക്കാര്‍ മുഖാവരണം നീക്കി പരിശോധകരുടെ കൈയിലുള്ള മൊബൈല്‍ സ്‌കാനര്‍ കൊണ്ട് സ്‌കാന്‍ ചെയ്യുന്നതോടെ നിമിഷങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാകും. ഫലം നെഗറ്റീവെങ്കില്‍ യാത്രതുടരാം. കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ അടുത്തുള്ള ആന്റിജന്‍ പരിശോധനാകേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. 20 മിനിറ്റിനകം കൃത്യമായ ഫലം ലഭിക്കും. പോസിറ്റീവ് ആകുന്നവരില്‍ മറ്റ് എമിറേറ്റുകളിലെ താമസക്കാരായവരെ മടക്കി അയക്കും. അബുദാബിയില്‍ താമസിക്കുന്ന വ്യക്തിയാണെങ്കില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന കോവിഡ് വ്യവസ്ഥകള്‍ പാലിക്കണം. കോവിഡ് ബാന്‍ഡുകള്‍ ധരിച്ച് താമസകേന്ദ്രങ്ങളില്‍ ഐസോലേഷനില്‍ പ്രവേശിക്കണം.
വാഹനത്തിലുള്ള മുഴുവന്‍ ആളുകളെയും ഒരേസമയം സ്‌കാനിങിന് വിധേയമാക്കാന്‍ ഓരോ ട്രാക്കിലും രണ്ടോ മൂന്നോ ആളുകള്‍ സേവനമനുഷ്ടിക്കുന്നുണ്ട്.
content highlights: scanning started at abu dhabi border