ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധം. പരിശോധയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളില്ലെങ്കില്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയാണ്. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ പരിശോധനാഫലങ്ങള്‍ ലഭ്യമാകും.
വിമാനത്താവളങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഏറ്റവും മുകളിലായി കാണുന്ന 'Book Covid-19 Test' ക്ലിക്ക് ചെയ്യുക. അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തിരഞ്ഞെടുക്കുക. പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക. ആര്‍ടിപിസിആര്‍, റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.
Content Highlights: Pre booking for RTPCR Tests is mandatory in 6 airports across India