ആധാര്‍ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടുകളോടെയാണ് ദ ഇലക്ഷന്‍ ലോസ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2021 പാസായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. വോട്ടര്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനൊപ്പം ആധാര്‍ നമ്പര്‍കൂടി രേഖപ്പെടുത്തണം. വോട്ടര്‍പ്പട്ടികയില്‍ നിലവില്‍ പേരുചേര്‍ത്തവരോടും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ നമ്പര്‍ ചോദിക്കാം. എന്നാല്‍, ആധാര്‍ കാര്‍ഡോ നമ്പറോ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും അത്തരം അപേക്ഷകള്‍ സ്വീകരിക്കാതിരിക്കരുതെന്നും ബില്‍ നിര്‍ദേശിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് മറ്റ് തിരിച്ചറിയല്‍രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണം. ജനുവരി 1, ഏപ്രില്‍ 1, ജൂലായ് 1, ഒക്ടോബര്‍ 1 എന്നിങ്ങനെ വര്‍ഷത്തില്‍ നാല് അവസരങ്ങളില്‍ വോട്ടര്‍പ്പട്ടിക പുതുക്കുകയും പേര് ചേര്‍ക്കുകയും ചെയ്യാം. സൈനികര്‍ക്കും ജീവിതപങ്കാളികള്‍ക്കും നാട്ടിലെ വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും.
content highlights: Lok Sabha Passes election reform ammendment bill