ഒന്റാരിയോയിൽ ഞായറാഴ്ച് 4,177 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2021 ഏപ്രിൽ 23 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്.പ്രവിശ്യയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 8.7 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ, 2,977 പേർ പൂർണ്ണമായും വാക്‌സിൻ എടുത്തവരും, 905 പേർ വാക്സിനേഷൻ എടുക്കാത്തവരും, 142 പേർ ഭാഗികമായി വാക്‌സിൻ എടുത്തവരും 153 പേരുടെ വാക്സിനേഷൻ നില ലഭ്യമല്ലാത്തവരിലുമാണ്.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡിസംബർ 19 മുതൽ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരും.റെസ്റ്റോറന്റുകൾ, ബാറുകൾ, വ്യക്തിഗത പരിചരണ സേവനങ്ങൾ, റീട്ടെയിൽ ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻഡോർ ക്രമീകരണങ്ങളിൽ പ്രവേശന പരിധി 50% ആയി കുറയ്ക്കുകയാണ്. അതോടൊപ്പം തന്നെ വീടുകൾക്കുള്ളിൽ ഒത്തു ചേരാവുന്ന ആളുകളുടെ എണ്ണം 25-ൽ നിന്ന് 10 ആയും ഔട്ട്‌ഡോർ ഒത്തുചേരലുകൾക്കുള്ള പരിധി 25 ആയും കുറയ്ക്കും.
ടേക്ക് ഔട്ട്, ഡെലിവറി സേവനങ്ങൾ ഒഴികെയുള്ള ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവ രാത്രി 11 മണിക്ക് അടയ്ക്കണം. രാത്രി 10ന് ശേഷം മദ്യവിൽപന നടത്തുവാൻ നിയന്ത്രണമുണ്ട്. കായിക മത്സരങ്ങൾ, കൺസേർട്ട് വേദികൾ , തിയേറ്ററുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ, മറ്റ് ഗെയിമിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭക്ഷണ പാനീയ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.