'ഇന്നലെ - ഇന്ന്' ശ്രീ. ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ എഴുതുന്ന ദ്വൈവാര പംക്തി (ഭാഗം - 4 )

By: 600074 On: Dec 19, 2021, 2:45 PM

ഇന്നലെ ഇന്ന്

ഭാഗം – 4

ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ

 സാഗര ഗഭീരതയും കാനന ഗഭീരതയും ഉൾക്കൊണ്ട്നദീതടങ്ങളിൽ രൂപം കൊണ്ട മനുഷ്യോല്പത്തിയുടെകാണാക്കയങ്ങൾ തേടി ശാസ്ത്ര ലോകം അലയുമ്പോൾ നമുക്ക് കൊച്ചു കേരളത്തിന്റെ സാമൂഹ്യ ലോകത്തിലേക്ക് പോകാം. സ്ത്രീ പുരുഷ സമത്വത്തിന്റെ മുദ്രാഗീതങ്ങൾ ലോകമെമ്പാടുംഇന്ന് ഉയർന്നു കേൾക്കുമ്പോൾ ആരോ എന്നോ സൃഷ്ടിച്ചസാമൂഹ്യ നീതികളുടേയും വിശ്വാസ പ്രമാണങ്ങളുടേയുംകാരിരുമ്പുവിലങ്ങുകളിൽ അകപ്പെട്ട് നിസ്സഹായരായിനെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങൾ നമുക്കുചുറ്റും ഒഴുകിപ്പരക്കുന്നു.

 സ്ത്രീ ഇന്നും അബലയും ചപലയും മൂടി വെയ്ക്കപ്പെടേണ്ടവളുമാണെന്ന മിഥ്യാ ധാരണ പല സമൂഹങ്ങളിലും നിറഞ്ഞു നിൽക്കുന്നു. വിദ്യാഭ്യാസത്തിലൂടെവികസിതമായി എന്ന് നാം അഭിമാനിക്കുന്ന കേരളം പോലും ഇതിൽ നിന്ന് മുക്തമല്ല. ഇന്ന് കേരളത്തിലെ ഒട്ടുമിക്കസ്കൂളുകളിലും പെൺകുട്ടികൾക്കും അധ്യാപികമാർക്കുംആവശ്യമായ ശുചി മുറികൾ ഉണ്ട്. പ്രാദേശിക ഭരണ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധപുലർത്തുന്നുമുണ്ട്. എന്നാൽ ആവശ്യമുള്ള വൃത്തിയുള്ള ഒരു ശുചി മുറി സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന ഒരുതലമുറ ഇന്നലെകളിൽ ഇവിടെയുണ്ടായിരുന്നു. അന്നു മിന്നും ആൺകുട്ടികൾക്കോ ആണുങ്ങൾക്കോ സ്കൂളിലോ വീട്ടിലോപൊതുസ്ഥലത്തോ ശുചി മുറി ആവശ്യമില്ലാത്ത, പൊതു സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വ്യവസ്ഥിതിയാണല്ലോനിലനിൽക്കുന്നത്.

 സെക്കണ്ടറി കാലഘട്ടത്തിൽ ഞങ്ങൾ പഠിച്ചിരുന്ന വിശാലമായഗ്രാമീണസ്കൂളിൽ രണ്ടായിരത്തോളം കുട്ടികളുംഅറുപതിലധികം അധ്യാപകരും ഉണ്ടായിരുന്നു. ഈ എണ്ണത്തിന്റെ പകുതി പെൺകുട്ടികളുംഅധ്യാപികമാരുമായിരുന്നു. ഒരു സമയം കഷ്ടിച്ച് പത്തുപേർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന ശുചി മുറിയായിരുന്നു പെൺകുട്ടികൾക്ക്. മേൽക്കൂര ഇല്ലാത്തഅതാകട്ടെ കരിയില വീണ് അളിഞ്ഞ് വെള്ളവും മാലിന്യങ്ങളുംകെട്ടിക്കിടക്കുന്ന ദുർഗന്ധം വമിക്കുന്ന ഒന്നായിരുന്നു.തേളിന്റേയും അട്ടയുടേയും പഴുതാരയുടേയും പാറ്റയുടേയുംപാമ്പിന്റേയും സുഖവാസ കേന്ദ്രം. കാടും പുല്ലും വകഞ്ഞു മാറ്റി ശുചി മുറിയിലേക്കുള്ള യാത്ര അന്നത്തെ പെൺകുട്ടികൾക്ക്പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായിരുന്നു. ഇതിലും ദയനീയമായിരുന്നു അധ്യാപികമാരുടെ കാര്യം. മേൽക്കൂരപോലുമില്ലാത്തതായിരുന്നു അവർക്കുള്ള ശുചി മുറി. തങ്ങളുടെ ഊഴത്തിനായി കാത്തു നില്കുന്ന അധ്യാപികമാരുടെനിസ്സഹായത കാണാൻ അന്നാരും ഉണ്ടായിരുന്നില്ല. സൂര്യ ചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും വെയിലിനേയും മഴയേയും ആകാശത്തേയും സകല ക്ഷുദ്ര ജീവികളേയും സാക്ഷികളാക്കിമാത്രമേ അന്ന് പെൺകുട്ടികൾക്കും അധ്യാപികമാർക്കും ശുചി മുറി ഉപയോഗിക്കുവാൻ കഴിയുമായിരുന്നുള്ളു. അതുകൊണ്ടുതന്നെ അവിടേയ്ക്കുള്ള ദുസ്സഹമായ യാത്ര പലരും ഉപേക്ഷിച്ചിരുന്നു. ശുചിത്വത്തെക്കുറിച്ച് ആവശ്യമായ ബോധവൽക്കരണം ലഭ്യമാകാതിരുന്ന ആ കാലത്ത് ആവശ്യ സമയത്ത് അടുത്തുള്ള വീടുകൾ പോലും അപ്രാപ്യമായിരുന്നു.ഇന്ന് അത്തരം ദുരവസ്ഥകളിൽ നിന്നും മോചനം നേടാൻ ചിലർക്കെങ്കിലും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.   

       സ്കൂളിനടുത്തുള്ള സമ്പന്ന ഭവനങ്ങളിലേക്ക് അന്ന്കുട്ടികൾക്ക് പ്രവേശനമില്ലായിരുന്നു. പള്ളിക്കൂടം പിള്ളേർ വന്ന് വെള്ളം കോരുകയും കിണറും പരിസരവുംവൃത്തികേടാക്കുകയും ചെയ്താലോ എന്നു ചിന്തിച്ച് സമ്പന്നർതൊട്ടിയും കയറും മാറ്റിവെയ്ക്കുമ്പോൾ കുട്ടികൾക്കാശ്രയംഅടുത്തുള്ള പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയുംവീടുകളായിരുന്നു. കിണറിനു ചുറ്റും കല്ലുകെട്ടി കപ്പിയിടാൻആഗ്രഹമുണ്ടെങ്കിലും നിവൃത്തിയില്ലാത്തതു കൊണ്ട് പല പാവപ്പെട്ടവരുടേയും കിണറുകൾക്ക് മേൽ തടിപ്പാലമായിരുന്നുഉണ്ടായിരുന്നത്. തടിപ്പാലത്തിൽ ചവിട്ടി നിന്ന് കിണറിന്റെആഴങ്ങളിൽ നിന്നും കുട്ടികൾ വെള്ളം കോരിയെടുക്കുന്നത്ആനന്ദത്തോടെ അവർ നോക്കി നിന്നിരുന്നു. കോരുന്തോറുംഏറുന്ന ആ സ്നേഹ ജലത്തിന്റെ കുളിർമ്മ ഇന്നും ആത്മാവിൽ നിറഞ്ഞു നിൽക്കുന്നു.

 സ്കൂളിനു മുൻവശത്തുള്ള അച്ചായന്റെ കട അന്ന് കുട്ടികൾക്ക് ഒരാശ്വാസമായിരുന്നു.  പെൻസിൽ , പേന, ബുക്ക്, സ്കെയിൽ ,സൂചി, നൂല് , ഗോലി, മിഠായി എന്നു വേണ്ട കുട്ടികൾക്കാവശ്യത്തിനുള്ളതെല്ലാം അച്ചായന്റെ കടയിലുണ്ട്. സ്വതവേ ഗൗരവപ്രകൃതക്കാരനാണെങ്കിലും അച്ചായൻകുട്ടികളോട് വലിയ അലിവുള്ളയാളായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോൾ കടവും കിട്ടുമായിരുന്നു. ഒരിക്കലെങ്കിലും ആ കടയിൽ പോയി എന്തെങ്കിലും വാങ്ങിക്കാത്തവരായിഅക്കാലത്ത് ആ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല. അന്ന്മഷിപ്പേനയായിരുന്നു എല്ലാ കുട്ടികളും ഉപയോഗിച്ചിരുന്നത്.ഒരു കുപ്പി ബ്രിൽ അല്ലെങ്കിൽ ചെൽപാർക്ക് മഷി വാങ്ങി വീട്ടിൽ വെച്ച് പേനയിൽ നിറച്ചു കൊണ്ടുവരാൻ സാമ്പത്തിക ശേഷിയുള്ള ഒന്നോ രണ്ടോ കുട്ടികളെ ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവർക്കാശ്വാസം അച്ചായന്റെ കടയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ അച്ചായന്റെ കടയിൽ പോയി അഞ്ചു പൈസ കൊടുത്ത് ഒരു ഫില്ലർ മഷി വാങ്ങി പേന നിറയ്ക്കും. എഴുതിക്കൊണ്ടിരിക്കുമ്പോൾ മഷി തീർന്നാൽ കൂട്ടുകാരിൽ നിന്നും ഒരു തുള്ളിയോ രണ്ടു തുള്ളിയോ മഷി നാളെ കൊടുക്കാമെന്ന് പറഞ്ഞ് കടം വാങ്ങും. ബോൾപെന്നും റീഫില്ലറുകളും ഇല്ലാതിരുന്ന അക്കാലത്ത് മഷിപ്പേന പലപ്പോഴും അപ്രഖ്യാപിത പണിമുടക്ക്നടത്തിയിരുന്നു. ക്ലാസിൽ നടക്കുന്ന ഒട്ടുമിക്ക വഴക്കുകളിലുംപ്രധാന വില്ലൻ മഷിപ്പേനയാകും. എഴുതിക്കൊണ്ടിരിക്കവേതെളിയാതെ വരുമ്പോൾ ചിലപ്പോൾ പേന ഒന്നു കുടയും. അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്കിലോ ഉടുപ്പിലോ ശരീരത്തോമഷി വീണാൽ പിന്നെ ഉന്തുംതള്ളും അടിപിടിയും തുടങ്ങുകയായി. കരടു കയറി നിബ്ബിലൂടെ മഷിവരാതായാൽഉടൻ അത് വലിച്ച് ഊരും അപ്പോഴും മഷി ചുറ്റും തെറിക്കും.കരിപുരണ്ട ജീവിതം എന്നൊക്കെ പറയുന്നതുപോലെഅന്നൊക്കെ കുട്ടികൾക്ക് മഷി പുരണ്ട ജീവിതമായിരുന്നു.ഉടുപ്പിലും മുണ്ടിലും കൈയ്യിലും മുഖത്തും മഷി പുരണ്ടായിരിക്കും മിക്ക കുട്ടികളും വൈകിട്ട് വീട്ടിലെത്തുക.ഉടുപ്പിൽ ചെളി പുരണ്ടാൽ പ്രോത്സാഹിപ്പിക്കുന്ന അലക്കുപൊടിയുടെ പരസ്യത്തിലെ അമ്മമാരല്ല അന്നുണ്ടായിരുന്നത്.തുടുപ്പ്, തവിക്കണ ,വിറക് കൊള്ളി തുടങ്ങി കൈയ്യിൽ കിട്ടുന്നഏതെങ്കിലും ഒരു വജ്രായുധവുമായി പാഞ്ഞു വരികയായി.പ്രഹരം ഉറപ്പ്. തുണിയിൽ ഉണ്ടായ മഷിപ്പാട് മാറ്റാനുള്ളചുണ്ണാമ്പു പ്രയോഗം വശമുള്ളതിനാൽ കുറച്ചൊക്കെരക്ഷപെടാനും അന്നൊക്കെ കഴിഞ്ഞിരുന്നു.

 മഷിപ്പേന ചിലപ്പോഴൊക്കെ കുട്ടികളുടെ കുസൃതിക്ക്കൂട്ടുകാരനുമാകാറുണ്ട്. ബ്ലേഡ് കൊണ്ട് ഡസ്ക് ചുരണ്ടി തടിപ്പൊടിയുണ്ടാക്കി അതിലേക്ക് മഷിത്തുള്ളി അവിടവിടായിഒഴിച്ചിട്ട് അതിലേക്ക് ഊതുമ്പോൾ പൊടി പിടിച്ച മഷിത്തുള്ളികൾ ഉരുണ്ടു പോയി മുമ്പിലെ ബഞ്ചിലിരുന്ന്പുറകിലെ ഡസ്കിൽ ചാരി ഇരിക്കന്നവരുടെ ഉടുപ്പിൽ പിടിക്കും. പിന്നീടുണ്ടാകുന്ന പുകില് പറയേണ്ടല്ലോ. അന്നത്തെമഷിപ്പേനകളുടെ രാജാവ് ഹീറോ ആയിരുന്നു. ആരിൽ നിന്നെങ്കിലും സമ്മാനമായി ലഭിക്കുന്ന ആ പേന ക്ലാസ്സിലെരണ്ടോ മൂന്നോ പേർക്കേ ഉണ്ടായിരുന്നുള്ളു.ബാക്കിയുള്ളവർക്കെല്ലാം രണ്ടു രൂപയിൽ താഴെ വിലയുള്ള ജൂബിലിയോ ബിസ്മിയോ പേനകളും. അതാകട്ടെ താഴെ വീണ് പൊട്ടി നിബ്ബും വളഞ്ഞ് മഷി ഒലിക്കുന്നതും.ഏഴാം ക്ലാസ്സിൽ ഞങ്ങളുടെ ക്ലാസ്സിൽ പുതിയതായി വന്ന ഒരു കൂട്ടുകാരനുമാത്രമേ ഫോറിൽ ബോൾപെന്നും പെൻസിലും സ്കെയിലുംമണക്കുന്ന തൊട റബ്ബറും ഉണ്ടായിരുന്നുള്ളു. അവയെല്ലാംഅവന്റെ അമ്മാവൻ അവനായി ഗൾഫിൽ നിന്നും കൊണ്ടു കൊടുത്തതായിരുന്നു. അവനൊരുഉദാരമനസ്കനായിരുന്നതിനാൽ ക്ലാസ്സിലെ എല്ലാ കുട്ടികളുംഅതിന്റെയൊക്കെ ഉപയോക്താക്കളായിരുന്നു.

 സ്കൂൾ കാന്റീൻ ഇല്ലാതിരുന്ന അന്ന് കുട്ടികൾക്കും അധ്യാപകർക്കും ഏകാശ്രയം സ്കൂളിനടുത്തുള്ള കൊച്ചാട്ടന്റെ ചായപ്പീടികയായിരുന്നു. പൊറോട്ടയും ചപ്പാത്തിയുംഇല്ലാതിരുന്ന അക്കാലത്തെ രാജാവ് ദോശയായിരുന്നു.പൊതിച്ചോറ് ഇല്ലാത്ത ദിവസം അവിടുത്തെ ദോശയും സാമ്പാറും ചൂടുവെള്ളവും ഒരാശ്വാസമായിരുന്നു. അന്നൊക്കെപല കുട്ടികളും എൻ.സി.സി യിൽ ചേർന്നിരുന്നതു തന്നെ ദോശയും സാമ്പാറും ബോണ്ടയും കഴിക്കാനായിരുന്നു എന്നു പറഞ്ഞാൽപ്പോലും അത് അതിശയോക്തിയാകില്ല. നാലു മണി മുതൽ ആറു മണി വരെയുള്ള പരേഡിനു ശേഷം ലഭിക്കുന്ന ദോശയും സാമ്പാറും ചിലർക്കെങ്കിലും അമൃതിനു സമമായിരുന്നു.അന്നൊക്കെ ക്ലാസ്സിലെ പകുതിയിലേറെകുട്ടികളും ഉച്ചക്ക് പട്ടിണിയിലായിരുന്നു. ആരെങ്കിലും ദാനമായി നൽകുന്ന ഒരു നെല്ലിക്കയും ചവച്ചുതിന്ന് പച്ചവെള്ളവും കുടിച്ച് മരത്തണലിൽ അല്പം വിശ്രമിച്ചതിനു ശേഷമാകും കൂടുതൽ പേരും ഉച്ച കഴിഞ്ഞുള്ള ക്ലാസ്സിൽ ഇരിക്കുക. ദാരിദ്ര്യം അന്ന് പല കുട്ടികളേയും വേട്ടയാടിയിരുന്നു. സ്കൂളിൽവിശന്നിരിക്കുന്നവന്റെ അവശത ഉൾക്കൊള്ളുന്ന കണ്ണും കരളുംഒരു പക്ഷേ അന്ന് അടഞ്ഞിരുന്നതാകാം. ഇന്ന് കേന്ദ്രവുംസംസ്ഥാനവും പ്രാദേശിക സർക്കാരുകളും സന്നദ്ധ സംഘടനകളും ഉച്ച ഭക്ഷണവും പഠനോപകരണങ്ങളുമായിഓടി നടക്കുന്ന കാഴ്ച ചില ഇടങ്ങളിലെങ്കിലും കാണാൻ കഴിയും.

(തുടരും )