കാനഡയില്‍ വിവിധ പ്രൊവിന്‍സുകളിലെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍

By: 600007 On: Dec 19, 2021, 5:23 AM

 

കോവിഡ് വകഭേദമായ ഒമിക്രോണ്‍ അതിവേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാനഡയില്‍ വിവിധ പ്രൊവിന്‍സുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി. പുതിയ നിയമങ്ങളില്‍ പലതും ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തില്‍ വരും.

പ്രൊവിന്‍സും ടെറിറ്ററികളും അനുസരിച്ചുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:

ബ്രിട്ടീഷ് കൊളംബിയ

ഡിസംബര്‍ 20 മുതലാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ ബിസിയില്‍ പ്രാബല്യത്തില്‍ വരിക. നിയന്ത്രണങ്ങള്‍ ഇവയാണ്: വീടുകള്‍, റെന്റല്‍ പ്രോപ്പര്‍ട്ടികള്‍, റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ വാക്സിന്‍ എടുത്ത 10 പേര്‍ക്കായി മാത്രം. ഇവെന്റുകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധം,ക്യുആര്‍ കോഡ് സ്‌കാനിങ്  ഉറപ്പാക്കണം.  1000-ല്‍ അധികം ആളുകളെ പ്രവേശിപ്പിക്കാവുന്ന ഇവെന്റുകളില്‍ പ്രവേശന പരിധി സീറ്റിങ് കപ്പാസിറ്റിയുടെ 50 % മാത്രം. കായിക ടൂര്‍ണമെന്റുകള്‍  താല്‍ക്കാലികമായി നിര്‍ത്തുന്നു.  എല്ലാ പുതുവത്സര ഇവന്റുകള്‍ക്കും ഒത്തുചേരലുകളും കാണികള്‍ ഇരുന്നു കാണുന്ന രീതിയില്‍ മാത്രം. കാണികള്‍ക്ക് നൃത്തം ചെയ്യാനുള്ള അനുമതിയില്ല

ആല്‍ബെര്‍ട്ട

ഡിസംബര്‍ 15 മുതലാണ് ആല്‍ബെര്‍ട്ടയില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ക്ക് 18 വയസ്സിന് മുകളില്‍ പ്രായമുള്ള വാക്സിനേഷന്‍ നില പരിഗണിക്കാതെ പരമാവധി 10 പേരെ വരെ അനുവദിക്കും. 17 വയസും അതില്‍ താഴെയുള്ളവരെ പരിധിയില്‍ കണക്കാക്കില്ല.  വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്ക് പരമാവധി 20 പേരെ വരെ അനുവദിക്കും. നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുജനാരോഗ്യ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ ഉണ്ട്. 

സസ്‌കെച്ചവന്‍

പ്രൊവിന്‍സിലെ നിലവിലെ പബ്ലിക് ഹെല്‍ത്ത് ഓര്‍ഡര്‍ ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇത് പ്രകാരം വീടുകളോ മറ്റ് താമസ സ്ഥലങ്ങളോ ഒഴികെയുള്ള എല്ലാ ഇന്‍ഡോര്‍ പൊതുഇടങ്ങളില്‍ ഒത്തുചേരുന്നതിനും മാസ്‌ക് നിര്‍ബന്ധമാണ്. ഇവന്റുകളിലും, ആളുകള്‍ ഒത്തുചേരുന്ന ബിസിനസ് വേദികളിലും വാക്‌സിനേഷന്‍ പ്രൂഫ്, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ആവശ്യമാണ്. 

മാനിറ്റോബ

ഡിസംബര്‍ 21 മുതല്‍ ജനുവരി 11 വരെ നീണ്ടുനില്‍ക്കുന്നതാണ് മാനിറ്റോബയിലെ പുതുക്കിയ നിയന്ത്രണങ്ങള്‍.  സ്വകാര്യ ഇന്‍ഡോര്‍ ഒത്തുചേരലുകളില്‍ എല്ലാവരും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരാണെങ്കില്‍ 10 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുവാദമുള്ളത്. വാക്സിന്‍ എടുക്കാത്തവര്‍ പങ്കെടുക്കുന്ന പരിപാടിയാണെങ്കില്‍ അഞ്ച് അതിഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദമുള്ളൂ. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാറുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്ററുകള്‍, ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍ എന്നിടങ്ങളിൽ  കപ്പാസിറ്റിയുടെ 50 ശതമാനം പേർക്ക് മാത്രം പ്രവേശനം. ലൈബ്രറികള്‍ ഒഴികെയുള്ള ഇടങ്ങളില്‍ വാക്‌സിനേഷന്‍ പ്രൂഫ് നിര്‍ബന്ധമാണ്. 

ഒന്റാരിയോ 

ഡിസംബര്‍ 19 മുതലാണ് ഒന്റാരിയോയിലെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഒന്റാരിയോ പ്രവിശ്യയിലുടനീളമുള്ള മിക്ക ഇന്‍ഡോര്‍ ക്രമീകരണങ്ങളിലും പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരിധി 50 ശതമാനം കുറയ്ക്കുന്നതായി ഗവണ്‍മെന്റ് ന്യൂസ് റിലീസില്‍ അറിയിച്ചു. റെസ്റ്റോറന്റുകള്‍, ബാറുകള്‍, വ്യക്തിഗത പരിചരണ സേവനങ്ങള്‍, റീട്ടെയില്‍ ഷോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ ക്രമീകരണങ്ങളില്‍ ആണ് പ്രവേശന പരിധി 50% ആയി കുറയ്ക്കുന്നത്. അതോടൊപ്പം തന്നെ വീടുകള്‍ക്കുള്ളില്‍ ഒത്തു ചേരാവുന്ന ആളുകളുടെ എണ്ണം 25-ല്‍ നിന്ന് 10 ആയി കുറയ്ക്കുകയാണ്. ഔട്ട്ഡോര്‍ ഒത്തുചേരലുകള്‍ക്കുള്ള പരിധി 25 ആയി കുറയ്ക്കും.   

ടേക്ക് ഔട്ട്, ഡെലിവറി സേവനങ്ങള്‍ ഒഴികെയുള്ള ബാറുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവ രാത്രി 11 മണിക്ക് അടയ്ക്കണം. രാത്രി 10ന് ശേഷം മദ്യവില്‍പന നടത്തുവാന്‍ നിയന്ത്രണമുണ്ട്.  കായിക മത്സരങ്ങള്‍, കണ്‍സേര്‍ട്ട് വേദികള്‍ , തിയേറ്ററുകള്‍,  കാസിനോകള്‍, ബിങ്കോ ഹാളുകള്‍, മറ്റ് ഗെയിമിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണ പാനീയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ക്യുബെക്ക് 

ഡിസംബർ 20 മുതൽ, ബാറുകൾ, റെസ്റ്റോറന്റുകൾ, ഇവന്റ് വേദികൾ, തീയേറ്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയുൾപ്പെടെ നിരവധി പൊതു ഇടങ്ങളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്വകാര്യ ഒത്തുചേരലുകൾ മൂന്ന് വീടുകളിൽ നിന്നുള്ള പരമാവധി 10 പേർക്ക് മാത്രം.ഔട്ട്ഡോർ ഒത്തു ചേരലുകൾ പരമാവധി 20 പേർ അല്ലെങ്കിൽ മൂന്ന് വീടുകളിൽ താമസിക്കുന്നവർക്ക് മാത്രം.