ഇന്ത്യയില്‍ ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും യുകെയിലും ഫ്രാന്‍സിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വര്‍ദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പ്. സര്‍ക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ.പോള്‍ ആണ് ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 'യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം', കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ.പോള്‍ പറഞ്ഞു.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlight : Cetnral Government warns about rapid increase in Omicron Cases in India as well as around the World