സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു 

By: 600021 On: Dec 18, 2021, 4:18 PM

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ പതിനൊന്നായി. കെനിയയില്‍ നിന്നെത്തിയ 49കാരിക്കാണ് തൃശൂരില്‍ ഒമിക്രോണ്‍ കണ്ടെത്തിയത്. ട്യുണീഷ്യയില്‍ നിന്നും യുകെയില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒമിക്രോണ്‍ പോസിറ്റീവായ ആള്‍ മംഗളുരു സ്വദേശിയാണ്. ഈ മാസം 14ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ  ഇടപഴകരുത്. സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, റസ്‌റ്റോറന്റുകള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ  മാര്‍ഗ്ഗങ്ങളായ  മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Content highlight: 4 new omicron cases found in kerala