കോവിഡ് വ്യാപനം; കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഒന്റാരിയോ 

By: 600007 On: Dec 17, 2021, 11:17 PM

 

ഒന്റാരിയോയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഒന്റാരിയോ സർക്കാർ. ഒന്റാറിയോ പ്രവിശ്യയിലുടനീളമുള്ള മിക്ക ഇൻഡോർ ക്രമീകരണങ്ങളിലും പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരിധി 50 ശതമാനം കുറയ്ക്കുന്നതായി ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു. ഡിസംബർ 19 മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. റെസ്റ്റോറന്റുകൾ, ബാറുകൾ, വ്യക്തിഗത പരിചരണ സേവനങ്ങൾ, റീട്ടെയിൽ ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻഡോർ ക്രമീകരണങ്ങളിൽ ആണ് പ്രവേശന പരിധി 50% ആയി കുറയ്ക്കുന്നത്. അതോടൊപ്പം തന്നെ വീടുകൾക്കുള്ളിൽ ഒത്തു ചേരാവുന്ന ആളുകളുടെ എണ്ണം 25-ൽ നിന്ന് 10 ആയി കുറയ്ക്കുകയാണ്. ഔട്ട്‌ഡോർ ഒത്തുചേരലുകൾക്കുള്ള പരിധി 25 ആയി കുറയ്ക്കും.   

ടേക്ക് ഔട്ട്, ഡെലിവറി സേവനങ്ങൾ ഒഴികെയുള്ള ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവ രാത്രി 11 മണിക്ക് അടയ്ക്കണം. രാത്രി 10ന് ശേഷം മദ്യവിൽപന നടത്തുവാൻ നിയന്ത്രണമുണ്ട്.  കായിക മത്സരങ്ങൾ, കൺസേർട്ട് വേദികൾ , തിയേറ്ററുകൾ,  കാസിനോകൾ, ബിങ്കോ ഹാളുകൾ, മറ്റ് ഗെയിമിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭക്ഷണ പാനീയ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഒന്റാരിയോയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായ നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്‌ച 3,124 പുതിയ കോവിഡ് കേസുകളും അഞ്ച് മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോൺ വേരിയന്റ്  മൂലമാണ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്നതെന്നും ഓരോ 2.8 ദിവസത്തിലും ഒമിക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചത്തെ കേസുകളിൽ 68 ശതമാനം ആളുകളും പൂർണ്ണമായും വാക്‌സിൻ എടുത്തവരാണ്.