കനലായിത്തീർന്ന സുന്ദരിയായയൊരു കുടുംബിനിയുടെ കഥ.' അബ്രഹാം ജോർജ് എഴുതുന്നു.'

By: 600009 On: Dec 17, 2021, 5:15 PM

Story Written by, Abraham George, Chicago.

ഒരു മലയോര പ്രദേശം. ഡിസംമ്പറിലെ കോരിത്തരിക്കുന്ന തണുപ്പുള്ള രാത്രിയിൽ കത്തി, കനലായിത്തീർന്ന സുന്ദരിയായയൊരു കുടുംബിനിയുടെ കഥ.

മണ്ണെണ്ണ ഒഴിച്ച് ആരോ കത്തിച്ചതോ അതോ സ്വയം മരിച്ചതോയെന്നറിയാത്ത സംഭവം. സാക്ഷികളായി ഒരാളെപ്പോലും കിട്ടാതെ, പോലീസ് ആത്മഹത്യയെന്ന് എഴുതി തള്ളി. ജനമത് വിശ്വസിച്ചില്ല. വിശ്വസിച്ചാലും വിശ്വസിച്ചില്ലായെങ്കിലും പ്രതിയെ ചുണ്ടിക്കാണിക്കാനാരും മുന്നോട്ടു വന്നില്ല. പൗരസമിതി രൂപികരിച്ചില്ല. സ്വയമേവ കോടതി കേസ്സ് എടുത്തതുമില്ല. അതിനുള്ള ജനപ്രക്ഷോപം ഉണ്ടായില്ലായെന്ന് സാരം.

ജനഹൃദയങ്ങളിൽ ഇതൊരു വിങ്ങലായിയിന്നും നിലനിൽക്കുന്നു. ആളികത്തുന്ന സ്ത്രീരൂപം മുറ്റത്തുകൂടെ മരണവെപ്രാളത്തിൽ ഓടി നടക്കുമ്പോൾ, ഏതോ ഒരു പേര് പറഞ്ഞത് ചുറ്റുപാടും ജീവിക്കുന്നവർ കേട്ടിരുന്നു. അവരാരും ഒന്നും പുറത്തു പറഞ്ഞില്ല. അതിനുള്ള ധൈര്യം അവരാരും കാണിച്ചില്ല, പോയത് പോയിയെന്ന മനോഭാവമായിരിക്കാം അവരെടുത്തത്, അല്ലെങ്കിൽ പോലീസ് സ്റ്റേഷനും കേടതിയും കയറിനടക്കാൻ അവർ മെനക്കെട്ടില്ലായെന്ന് വിശ്വസിക്കാം.

രാഘവന് ഭാര്യമേലുണ്ടായ അമിതവിശ്വാസം അപകടത്തിലേക്ക് എത്തിച്ച സംഭവം. രണ്ടാനമ്മയുടെ കുത്തുവാക്കും പട്ടിണിയും കണ്ടാണ് അയൽവാസിയായ രാഘവൻ, ദയ തോന്നി ഭാനുവിനെ രജിസ്റ്റർ മാര്യേജ് ചെയ്തത്. രാഘവൻ്റെ വീട്ടുകാർ ഈ വിവാഹത്തിന്  ശക്തമായ എതിരായിരുന്നു. അതുമൂലം വിവാഹശേഷം അവർക്ക് വാടക വീടെടുത്ത് താമസിക്കേണ്ടി വന്നു. കുടുംബത്തിൽ നിന്നും അകന്ന് ജീവിക്കേണ്ടി വന്നെങ്കിലും സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്. അവർക്ക് രണ്ട് പെൺകുട്ടികളും ജനിച്ചു. തയ്യൽപ്പണിക്കാരനായ രാഘവന് വരുമാനം കഷ്ടിയായിരുന്നുവെങ്കിലും പട്ടിണിയില്ലാതെ ജീവിക്കാനുള്ള പണം തൊഴിലിൽ നിന്നും കിട്ടിയിരുന്നു. ചിലവുകളേറിയതോടെ കുടുംബത്തിൽ ദാരിദ്ര്യം നിറഞ്ഞുതുടങ്ങി.

അക്കാലത്താണ് ഗൾഫിലേക്ക് പോകാനുള്ള തീരുമാനം രാഘവൻ എടുത്തത്. സ്വന്തമായൊരു വീട്, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം സന്തോഷകരമായ കുടുംബം ഇതൊക്കെ രാഘവൻ്റെ സ്വപ്‌നമായിരുന്നു. വിദേശത്ത് എത്തിയതിനുശേഷം കിട്ടുന്ന പണമെല്ലാം ഭാര്യ ഭാനുവിൻ്റെ പേരിലിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു കൊണ്ടിരുന്നു. നാട്ടിൽ പണം നിക്ഷേപിക്കാനായിരുന്നു രാഘവനിഷ്ടം. അങ്ങനെ രണ്ടു വർഷം കടന്നു പോയതറിഞ്ഞില്ല. രാഘവൻ്റെ കണക്കനുസരിച്ച് വീടും, നാട്ടിൽ സുഖമായി ജീവിക്കാനുള്ള പണവും അയച്ചിട്ടുണ്ടന്ന് മനസ്സിലായി. ഇനി നാട്ടിൽ തന്നെ ഭാര്യയും മക്കളുമൊത്ത് സുഖമായി ജീവിക്കാമെന്ന് തീരുമാനിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം എടുത്തിരുന്ന സമയത്താണ് ഞെട്ടിക്കുന്ന ആ വാർത്ത വരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തു. സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. അയാൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

"അപ്പോൾ മക്കളോ? " അയാൾ ചോദിച്ചു.

"കുട്ടികൾ സുഖമായിരിക്കുന്നു. നീ ഉടൻ വരണം, എന്തൊക്കയോ പുകമറയിതിനുള്ളിലുണ്ട്." കൂട്ടുകാരൻ പൈലി പറഞ്ഞു.

ഒരഗ്നിപർവതം പൊട്ടി തകരുന്നതുപോലെ അയാളുടെ സിരകളിൽ രക്തം ഇരച്ചുകയറി. എല്ലാ കണക്കുകൂട്ടലും തകർന്നുയെന്നയാൾക്ക് മനസ്സിലായി. ഭാര്യ സ്വയം ആത്മഹത്യ ചെയ്യില്ല, അതിൻ്റെ ആവശ്യം അവൾക്കെന്ത്, സുഖമായി ജീവിക്കാനുള്ള പണം ഞാൻ അയച്ചിട്ടുണ്ട്. നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള പണവുമുണ്ട്. അയാളുടൻ നാട്ടിലെത്താനുള്ള തീരുമാനം എടുത്തു.

നാട്ടിലെത്തിയപ്പോൾ അറിഞ്ഞ വിവരണങ്ങൾ ദയനീയമായിരുന്നു. ഒരു ചെറുപ്പക്കാരൻ എപ്പോഴും വീട്ടിൽ വന്നുപോകുമായിരുന്നു. അയാളാണ് എല്ലാ കാര്യങ്ങളിലും ഭാര്യ ഭാനുവിനെ സഹായിച്ചുകൊണ്ടിരുന്നത്. കുട്ടികൾ അയാളെ അങ്കിളെന്ന് വിളിച്ചിരുന്നു. വിദ്യാഭ്യാസം കുറവായിരുന്ന ഭാര്യയെ ബാങ്കുകാര്യങ്ങളിൽ സഹായിച്ചിരുന്ന യുവാവ്, പിന്നെ പിന്നെ അയാൾ രാത്രിയിലും വരവായി. അയാളുടെ ലക്ഷ്യം പണമായിരുന്നു. പണം മാത്രമല്ല ഭാര്യയെയും ലൈംഗീകമായി ഉപയോഗിച്ചിരുന്നു. ഭാനുവിൻ്റെ കഴപ്പ് തീർക്കാനോ അയാളുടെ കാമം തീർക്കാനോയെന്ന് വെളിപ്പെടുത്താനിപ്പോൾ ഇവിടെയാരുമില്ല.

കുട്ടികൾക്ക് വ്യക്തമായ ഉത്തരം പറയാനറിയില്ല. രാഘവൻ ഗൾഫിൽ നിന്നയച്ച പണം മുഴുവൻ അയാൾ കൈക്കലാക്കി. ഭർത്താവ് ഗൾഫിൽ നിന്നും വരുമെന്നറിഞ്ഞപ്പോൾ ഭാനു പണം മടക്കിത്തരാൻ ആവശ്യപ്പെട്ടു. ദുർന്നടപ്പുകാരനായ അയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. അതിനയാൾ കണ്ടെത്തിയ വഴിയാണ് കൊലപാതകം. സാധാരണപോലെയന്നു രാത്രിയും അയാൾ വന്നു. ഭാനുവിനെ വിളിച്ച് പുറത്തു വരുത്തി. പണത്തിൻ്റെ കാര്യത്തിൽ അവർ തമ്മിൽ കലപിലയുണ്ടായി. പെട്ടന്ന് അയാൾ കരുതിയിരുന്ന മണ്ണെണ്ണ അവളുടെ തലയിലൂടെ ഒഴുക്കി തീ കൊടുത്തു. അയാൾ ഓടി രക്ഷപ്പെട്ടു. ഇതാണ് കഥ. ഇത് സ്ഥിരീകരിക്കാൻ തെളിവുകളില്ല. പണം അയാൾ കൈക്കലാക്കിയെന്ന് പറയാൻ വ്യക്തമായ രേഖകളില്ല. രാഷ്ട്രീയമായി പിടിപാടുള്ള അയാളെ പെട്ടെന്ന് ചോദ്യം ചെയ്യാൻ നിവർത്തിയുമില്ല. രാഘവൻ എന്താ വേണ്ടതെന്ന് നൂറുവട്ടം ആലോചിച്ചു. ഭാര്യ പിഴച്ചുവെന്ന് അയാൾക്ക് വ്യക്തമായി. എല്ലാം നഷ്ടപ്പെട്ട തനിക്ക് കേസ്സുമായി മുന്നോട്ടു പോയാൽ കുട്ടികളുടെ കാര്യം അവതാളത്തിലാകും. കുട്ടികളെ അയാളുടെ സ്വന്തം അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ച് അയാൾ ഗൾഫിലേക്ക് വീണ്ടും പോയി. അല്ലാതെ നിവർത്തിയില്ലായിരുന്നു.

കേസ്സെല്ലാം തെളിവില്ലാതെ തള്ളിപ്പോയി. എന്നാൽ നിയമത്തിൻ്റെ കോടതി തള്ളിയെങ്കിലും ദൈവത്തിൻ്റെ കോടതി അയാളെ വെറുതെ വിട്ടില്ലായെന്നു വേണം കരുതാൻ. അയാൾ കാലക്രമേണ മാനസ്സിക രോഗിയായി മാറി. വിദഗ്ദ ചികത്സകൾ നടത്തിയെങ്കിലും രക്ഷപ്രാപിക്കാനായില്ല. ഇന്നും മലപ്പുറത്ത് ചെന്നാൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയൊരു യുവാവിനെ കാണാം. പാപങ്ങളുടെ ഭാരം മുഴുവൻ ഭാണ്ഡത്തിൽ കെട്ടിമുറുക്കി, കക്ഷത്തിൽ വെച്ച് നടക്കുന്നയൊരുവനെ, മരണം പോലും അയാളെ വെറുത്തിരിക്കുന്നു. ശിക്ഷ ഭൂമിയിൽ തന്നെ നരകിക്കാനുള്ളതെന്ന് വ്യക്തം. ലോകം കാട്ടിത്തരുന്ന വഴികളാണ്. നിർധനയായ ഒരു പെൺകുട്ടിക്ക് ജീവിതം കൊടുത്തതിൻ്റെ ശിക്ഷയോ? അല്ലെങ്കിൽ അയാളുടെ പിടിപ്പുകേടോ?

കുടുംബത്തിൻ്റെ ക്ഷേമത്തിനുവേണ്ടി മരുഭൂമിയിൽ അലഞ്ഞവൻ്റെ കഥ. സ്വന്തം ഭാര്യയെപ്പോലും വിശ്വസിക്കരുതെന്ന് പറഞ്ഞു തരുന്ന സത്യം. ഇവിടെയെവിടെയാണ് അയാൾക്ക് തെറ്റുപറ്റിയത്. നമുക്ക് ചിന്തിക്കാം. ഇതേപോലെ മലരാണ്യത്തിൽ സ്വർണ്ണം വാരാൻ പോകുന്നവരുടെ ശിഥിലമായ കുടുംബങ്ങളുടെ എത്രയെത്ര കഥകൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട്. അതിൽ ഒരെണ്ണം മാത്രമാണിത്....!