ഒമിക്രോൺ വ്യാപന ഭീതിയുടെ ഇടയിൽ കാനഡയിൽ കോവിഡ് മൂലമുള്ള മരണങ്ങൾ 30,000 കടന്നു. ഒന്റാരിയോയിലും ക്യുബെക്കിലും കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുകയാണ്. പല പ്രൊവിൻസുകളും കോവിഡ് വ്യാപനം തടയുവാൻ പൊതുജനാരോഗ്യ നടപടികൾ വീണ്ടും കർശനമാക്കിയിട്ടുണ്ട്. 2021 മെയ് മാസം വരെ 25,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വാക്‌സിൻ നൽകി തുടങ്ങിയ ശേഷം ശേഷം കാനഡയിലെ കോവിഡ് മരണ നിരക്കിൽ നല്ല കുറവ് വന്നിട്ടുണ്ടെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.തെരേസ ടാം പറഞ്ഞു. കോവിഡ് മൂലം ജീവൻ നഷ്ട്ടപ്പെട്ടവരിൽ ഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരിൽ ആണ്.
കാനഡയിലെ മിക്ക പ്രൊവിൻസുകളിലും കോവിഡ് ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഒമിക്‌റോൺ വേരിയന്റ് സമൂഹ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ഹോസ്‌പിറ്റലൈസേഷൻ കുറയ്ക്കുന്നതിൽ വാക്സിനേഷൻ വലിയ പങ്ക് വഹിക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഒമിക്രോൺ ഡെൽറ്റയേക്കാൾ വേഗത്തിൽ പടരുന്നുണ്ടെങ്കിലും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നുള്ളതിനെ കുറിച്ച് പഠനങ്ങൾ ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ്.