ഒന്റാരിയോയില്‍ കോവിഡ് 19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ സൗജന്യമായി നല്‍കുന്നു. പോപ്പ്-അപ്പ് സൈറ്റുകളിലും, തെരഞ്ഞെടുത്ത എല്‍സിബിഒ ലൊക്കേഷനുകളിലുമാണ് ഇത് ലഭ്യമാകുക. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലുമാണ് ടെസ്റ്റ് കിറ്റുകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം.
ആരോഗ്യമന്ത്രി ക്രിസ്റ്റീന്‍ എല്ലിയോട്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കീരന്‍ മൂര്‍, സോളിസിറ്റര്‍ ജനറല്‍ സില്‍വിയ ജോണ്‍സ് എന്നിവരോടൊപ്പം പ്രീമിയര്‍ ഡഗ് ഫോര്‍ഡാണ് ഇക്കാര്യം ടൊറന്റോയില്‍ പ്രഖ്യാപിച്ചത്. കോവിഡിനെയും ഒമിക്രോണിനെയും നേരിടാന്‍ അധിക പരിരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് പരിശോധനകള്‍ കൂട്ടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മാളുകള്‍, ഹോളിഡേ മാര്‍ക്കറ്റുകള്‍, പബ്ലിക് ലൈബ്രറികള്‍, ട്രാന്‍സിറ്റ് ഹബ്ബുകള്‍ തുടങ്ങിയ പോപ്പ്-അപ്പ് ലൊക്കേഷനുകളില്‍ റാപ്പിഡ് ആന്റിജന്‍ സ്ക്രീനിംഗുകളും ലഭ്യമാക്കുന്നതിനൊപ്പം ടെസ്റ്റ് കിറ്റുകളും വിതരണം ചെയ്യും.
യോര്‍ക്ക്‌ഡെയ്ല്‍ മാള്‍, സ്‌കാര്‍ബറോ ടൗണ്‍ സെന്റര്‍, അപ്പര്‍ കാനഡ മാള്‍, കാനഡ സ്‌ക്വയര്‍, റൈഡോ ഹൈറ്റ്‌സ് കമ്മ്യൂണിറ്റി സെന്റര്‍, വാട്ടര്‍ പാര്‍ക്ക് പ്ലേസ് എന്നിവിടങ്ങളില്‍ ടേക്ക്-ഹോം റാപ്പിഡ് ടെസ്റ്റുകള്‍ വിതരണം ചെയ്യും. വീട്ടിലേക്ക് കൊണ്ടുപോയി കോവിഡ് പരിശോധന നടത്താന്‍ ഇതിലൂടെ സാധിക്കും.
സൗജന്യ റാപ്പിഡ് ടെസ്റ്റുകള്‍ വിതരണം ചെയ്യുന്ന പോപ്പ്-അപ്പ് ടെസ്റ്റിംഗ് ലൊക്കേഷനുകളുടെ പൂര്‍ണ്ണമായ ലിസ്റ്റിനായി, ഇവിടെ ക്ലിക്ക് ചെയ്യുക.