ബ്രിട്ടനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

By: 600007 On: Dec 16, 2021, 5:32 AM

 

 

ഒമിക്രോണ്‍ ഭീതിക്കിടെ, ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. മഹാമാരി ആരംഭിച്ചതിന് ശേഷം ഒറ്റദിവസം രോഗികളാകുന്നവരുടെ എണ്ണത്തിലാണ് ബുധനാഴ്ച റെക്കോര്‍ഡിട്ടത്. 24മണിക്കൂറിനിടെ 78,610 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ജനുവരിയിലാണ് ഇതിന് മുന്‍പ് റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ അപേക്ഷിച്ച് ഇത്തവണ പതിനായിരം കേസുകള്‍ കൂടുതലാണ്. വരുംദിവസങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം അറിയിച്ചു.

ഇതുവരെ ബ്രിട്ടനില്‍ 1.1 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.7 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ഡെല്‍റ്റയ്ക്ക് പുറമേ ഒമിക്രോണ്‍ കേസുകളും ബ്രിട്ടനില്‍ വര്‍ധിക്കുകയാണ്.