സൗജന്യ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ആൽബർട്ട; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ  

By: 600007 On: Dec 15, 2021, 9:17 PM

പ്രവിശ്യയിലുടനീളമുള്ള 700-ലധികം ആൽബർട്ട ഹെൽത്ത് സർവീസസ് സൈറ്റുകളിലും ഫാർമസികളിലും വഴി സൗജന്യ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ആൽബെർട്ട. ഓരോ കിറ്റിലും അഞ്ച് ടെസ്റ്റുകൾ വരെ ചെയ്യാവുന്ന യൂണിറ്റുകൾ ആവും ഉണ്ടാവുക. ഡിസംബർ 17 മുതൽ ആണ് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാവുക. എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുവാനുള്ള ഉദ്ദേശത്തോടെ ഒരാൾക്ക് 14-ദിവസത്തിനുള്ളിൽ ഒരു ടെസ്റ്റ് കിറ്റ് എന്ന പരിധി വെച്ചിട്ടുണ്ട്. ടെസ്റ്റ് കിറ്റ് ലഭ്യമാവുന്ന ലൊക്കേഷൻ  കണ്ടെത്താൻ, alberta.ca/CovidRapidTests എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. 

ഡിസംബർ 15 മുതൽ ആൽബെർട്ടയിലുള്ള 50 വയസ്സും അതിന് മുകളിൽ ഉള്ളവർക്കും ബൂസ്റ്റർ ഡോസിനായുള്ള അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് ഗവൺമെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. കൂടാതെ കോവിഡ് നിയന്ത്രണങ്ങളും ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇൻഡോർ ഒത്തുചേരലുകൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുള്ള വാക്‌സിനേഷൻ നില പരിഗണിക്കാതെ പരമാവധി 10 പേരെ വരെ അനുവദിക്കും. 17 വയസും അതിൽ താഴെയുള്ളവരെ പരിധിയിൽ കണക്കാക്കില്ല.  വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, ഔട്ട്ഡോർ ഒത്തുചേരലുകൾക്ക് പരമാവധി 20 പേരെ വരെ അനുവദിക്കും. നിലവിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മറ്റെല്ലാ പൊതുജനാരോഗ്യ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ ഉണ്ട്. 

ആൽബെർട്ടയിൽ നിലവിൽ 89.3 ശതമാനം പേർ ഒരു ഡോസ് വാക്‌സിനും 84.9 ശതമാനം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു.