കാനഡയിൽ കോവിഡ് കേസുകൾ വീണ്ടും കൂടുകയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപന ഭീതി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി ഫെഡറൽ ഗവണ്മെന്റ്. ഹെൽത്ത് മിനിസ്റ്റർ ജീൻ-യെവ്‌സ് ഡക്ലോസ് മറ്റ് മന്ത്രിമാരുമായും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായും ബുധനാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാ നിർദ്ദേശം നാലാഴ്ചത്തേക്ക് നിലനിൽക്കുമെന്നും അതിന് ശേഷം സാഹചര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഒമിക്‌റോൺ വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഉണ്ടെന്നും കേസുകൾ "വേഗത്തിൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും" കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം തിങ്കളാഴ്ച പറഞ്ഞിരുന്നു. ഒമിക്‌റോണിന്റെ വ്യാപനം നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ, ജനുവരി പകുതിയോടെ കാനഡയിൽ പ്രതിദിനം 12,000 കേസുകൾ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.